CrimeNEWS

എസ്എഫ്‌ഐ വനിത നേതാവിനെ ആക്രമിച്ച സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് മേപ്പാടി പോളിടെക്‌നിക്ക് കോളേജില്‍ എസ്എഫ്‌ഐ വനിത നേതിവിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശി ആദര്‍ശാണ് പിടിയിലായത്. അതേസമയം കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.മേപ്പാടി കോളേജില്‍ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ട്രാബിയോക്ക് എന്ന കൂട്ടായ്മയിലെ അംഗമാണ് പിടിയിലായ ആദര്‍ശ്.

പിടയിലായ പ്രതിക്ക് കോളേജില്‍ രാഷ്ട്രീയമുണ്ടായിരുന്നില്ല. എസ്എഫ്‌ഐ വനിതാ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ നേരത്തെ ആറ് പേരാണ് അറസ്റ്റിലായത്. ഇതില്‍ കോളേജ് യൂണിയന്‍ അംഗവും കെഎസ്‌യു പ്രവര്‍ത്തകനുമായ മുഹമ്മദ് ഫര്‍ഹാന് മാത്രമാണ് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നത്. റിമാന്‍ഡിലായ അലന്‍ ആന്റണി, കിരണ്‍ രാജ്, അതുല്‍ കെ.ടി, മുഹമ്മദ് ഷിബിലി എന്നിവര്‍ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയ രണ്ട് വിദ്യാര്‍ത്ഥികളെയാണ് കോളേജ് സസ്‌പെന്റ് ചെയ്തത്.

Signature-ad

എസ്എഫ്‌ഐ മുന്‍ യൂണിറ്റ് സെക്രട്ടറി വിഷ്ണു, അഭിനവ് എന്നിവരാണ് നടപടി നേരിട്ടത്. മേപ്പാടി പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയാല്‍ സംഘര്‍ഷത്തില്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താകാനാണ് തീരുമാനം. ക്യാന്പസിലെ ട്രാബിയോക്ക് എന്ന സംഘത്തെ കുറിച്ചുള്ള നര്‍ക്കോട്ടിക് സെല്‍ അന്വേഷണം പ്രതികളിലേക്ക് എത്തിയില്ല. ലഹരി ഉപയോഗിക്കുന്ന വീഡിയോ മാത്രം തെളിവായി കണ്ട് കേസെടുക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. കോളേജിലെ ലഹരി ഉപയോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ റിമാന്‍ഡിലായ പ്രതികളെ ചോദ്യം ചെയ്യേണ്ടി വരും. മേപ്പാടി മേഖലയില്‍ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Back to top button
error: