ജക്കാര്‍ത്ത: വിവാഹപൂര്‍വ ലൈംഗിക ബന്ധവും അവിവാഹിതര്‍ ഒരുമിച്ച് താമസിക്കുന്നതും നിരോധിച്ച് പുതിയ നിയമം പാസാക്കി ഇന്തോനേഷ്യ. ഏറെ വിവാദങ്ങള്‍ക്ക് കാരണമായ പുതിയ ക്രിമിനല്‍ കോഡ് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് ഏകകണ്ഠമായാണ് പാസാക്കിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിയമം ലംഘിക്കുന്നവര്‍ക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ മാതാപിതാക്കളില്‍ നിന്ന് പരാതിയുണ്ടെങ്കിലാണ് കേസെടുക്കുക. സ്വദേശികള്‍ക്കും രാജ്യത്തെത്തുന്ന വിദേശികള്‍ക്കും ഇത് ബാധകമാണ്. ഇത് കൂടാതെ പ്രസിഡന്റിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ അപമാനിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റിനെ അപമാനിക്കുന്നത് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നാണ് റിപ്പോര്‍ട്ട്.
2019 ല്‍ നടപ്പാക്കാന്‍ ശ്രമിച്ച് കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ച ബില്ലാണ് വീണ്ടും പാസാക്കിയത്. ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പരാമവധി ഉള്‍ക്കൊള്ളന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍, നിയമ ഭേദഗതിയില്‍ ചരിത്രപരമായ തീരുമാനമെടുക്കാനും കൊളോണിയല്‍ ക്രിമിനല്‍ കോഡ് ഉപേക്ഷിക്കാനും സമയമായെന്ന് നിയമമന്ത്രി യാസോന ലാവോലി പറഞ്ഞു.
എന്നാല്‍, പുതിയ നിയമഭേദഗതിക്കെതി നേരെ രാജ്യത്ത് വലിയ രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണ് ഭേദഗതിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്.