KeralaNEWS

വിഴിഞ്ഞത്ത് സമവായനീക്കവുമായി സിപിഎമ്മും; ആനാവൂർ നാഗപ്പൻ ആർച്ച് ബിഷപ്പ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമവായനീക്കവുമായി സിപിഎമ്മും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. തുറമുഖത്തിനായി സിപിഎം പ്രചാരണജാഥ നടത്തുമ്പോഴും പ്രശ്നം തീർക്കാനാണ് പാർട്ടിയുടെയും ശ്രമം. അതിനിടെ കേന്ദ്രസേന വേണമെന്ന ആവശ്യത്തിൽ ഉരുണ്ടുകളിച്ച് സംസ്ഥാന സർക്കാർ. ക്രമസമാധാനപാലനത്തിന് കേന്ദ്ര സേന ആവശ്യമില്ലെന്നും കേരള പൊലീസ് പര്യാപതമാണെന്നും തുറമുഖമന്ത്രി പറഞ്ഞു.

കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ ഇടപെട്ടുള്ള മധ്യസ്ഥ ചർച്ചയുടെ തുടർച്ചയായാണ് പലവഴിക്കുള്ള അനുരജ്ഞന ശ്രമങ്ങൾ. സിപിഎം ജില്ലാ സെക്രട്ടരി വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയാണ് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ കണ്ടും. സഭയുമായി പാർട്ടി ഏറ്റുമുട്ടലിനില്ലെന്നും സംഘർഷം ഒഴിവാക്കണമെന്നുമാണ് ആനാവൂർ അറിയിച്ചതെന്നാണ് സൂചന. പാളയം ഇമാമും ശാന്തിഗിരി മഠാധിപതി ഗുരുരത്നം ജ്ഞാന തപസ്വിയും സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരുയുമായി കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിലും തുടർ ചർച്ചകളുണ്ടാകും. വികസനം സമാധാനം എന്ന പ്രചരാണർത്ഥം തുറമുഖത്തിനായി 6 മുതൽ 9 വരെ സിപിഎം ജില്ലാ കമ്മിറ്റി പ്രചാരണ ജാഥ നടത്തുന്നുണ്ട്. പ്രചാരണം സഭക്കെതിരെ അല്ലെന്നാണ് നേതാക്കളുടെ വിശദീകരണം.

Signature-ad

കേന്ദ്ര സേനയിൽ സർക്കാറും അയഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ കേന്ദ്രസേന വേണമെന്ന അദാനിയുടെ ആവശ്യത്തിന് സർക്കാർ കൈകൊടുത്തിരുന്നു. എന്നാൽ കേന്ദ്രവും സംസ്ഥാനവും ചർച്ച ചെയ്ത് നിലപാട് അറിയിക്കാനാണ് കോടതി നിർദ്ദേശം. സംസ്ഥാന നേരിട്ട് കത്തയച്ച് കേന്ദ്രസേനയെ കൊണ്ടുവരാൻ ശ്രമിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം, അദാനിയുടെ ആവശ്യത്തിൽ കോടതി നിർദ്ദേശപ്രകാരം കേന്ദ്ര സേന വന്നാൽ എതിർക്കില്ല.

സംഘർഷങ്ങളുടെ ഉത്തരവാദിത്വം സർക്കാറിൻറെ പ്രകോപനമാണെന്നാണ് ലത്തീൻ അതിരൂപത പള്ളികളിൽ വായിച്ച സർക്കുലറിലെ വിമർശനം. എന്നാൽ തുറമുഖ നിർമ്മാണം സ്ഥിരമായി നിർത്തിവെക്കാൻ ആവശ്യപെടുന്നിലെന്നാണ് ആ‌ർച്ച് ബിഷപ്പിൻറെ സർക്കുലർ, തുറമുഖ നിർമ്മാണം നിർത്തിയുള്ള പഠനമാണ് ആവശ്യം. സമവായ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ നാളെ തുടങ്ങുന്ന കെസിബിസി ശീതകാലസമ്മേളനത്തിൽ ചർച്ചയുടെ വിശദാംശങ്ങൾ അറിയിക്കും. സമ്മേളനത്തിൻറെ ആദ്യഇനമായാണ് വിഴിഞ്ഞം ഉൾപ്പെടുത്തിയത്.

Back to top button
error: