KeralaNEWS

പുനലൂരില്‍ ബാങ്കിന് മുമ്പില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം

കൊല്ലം: പുനലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ദമ്പതികള്‍ ബാങ്കിന്റെ മുന്നില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബാങ്കില്‍ നിന്ന് എടുത്ത വായ്പ തുക തിരികെ അടച്ചിട്ടും പ്രമാണം തിരികെ നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ച് ദമ്പതികള്‍ ബാങ്കിന്റെ മുന്നില്‍ കുപ്പിയില്‍ കൈയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പുനലൂര്‍ മൈലക്കാട് കോടിയാട്ട് വീട്ടില്‍ ഹബീബ് മുഹമ്മദും ഭാര്യ നബീസത്ത് ബീവിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹബീബ് തന്റെ മാതാവിന്റെയും ഭാര്യയുടെയും മറ്റൊരാളുടെയും ഉടമസ്ഥതയിലുളള ആധാരം പണയം വെച്ച് പുനലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് 2.5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. അതില്‍ 1.5 ലക്ഷം രൂപയോളം അടയ്ക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധി മൂലം പിന്നീട് തിരിച്ചടവ് മുടങ്ങി. തിരച്ചടയ്ക്കാന്‍ ഉള്ള നോട്ടീസ് ബാങ്ക് നല്‍കിയതോടെ തങ്ങളുടെ വീട് വിറ്റ് ദിവസങ്ങള്‍ക്ക് മുമ്പ് മുഴുവന്‍ വായ്പ തുകയും പലിശ സഹിതം തിരിച്ചടച്ചു. എന്നാല്‍, ആധാരം തിരികെ ചോദിച്ചപ്പോള്‍ ബാങ്ക് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നാണ് ഹബീബ് ആരോപിക്കുന്നത്.

Signature-ad

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹബീബിന്റെ മാതാവ് മറ്റൊരാള്‍ക്ക് ഇതേ ബാങ്കില്‍ നിന്നെടുത്ത വായ്പയ്ക്ക് ജാമ്യം നിന്നിരുന്നു. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ആ വ്യക്തി വായ്പ തിരിക നല്‍കാത്തതിനെ തുടര്‍ന്നാണ് ആധാരം പിടിച്ച് വെച്ചതെന്ന് ബാങ്ക് അറിയിച്ചതായി ഹബീബ് പറയുന്നു.
പുനലൂര്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തത്തി ഹബീബിനെയും ഭാര്യയെയും അനുനയിപ്പിച്ചാണ് ആത്മഹത്യയില്‍നിന്ന് പിന്‍തിരിപ്പിച്ചത്. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് ബാങ്ക് പ്രസിഡന്റും അധികൃതരുമായിട്ടുള്ള ചര്‍ച്ചയ്ക്ക് ഒടുവില്‍ ബാങ്ക് ആധാരം തിരികെ നല്‍കി ഒടുവില്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

 

Back to top button
error: