പത്തനംതിട്ട: വകയാറില്‍ നടന്ന മോഷണങ്ങളില്‍ മുഖംമൂടി സംഘത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വ ബുധന്‍ ദിവസങ്ങളിലായി കോന്നി, വകയാര്‍ മേഖലകളിലായി അര്‍ധരാത്രിയ്ക്ക് ശേഷം മൂന്ന് വീടുകളില്‍ മോഷണവും രണ്ട് വീടുകളില്‍ മോഷണ ശ്രമവുമാണ് ഉണ്ടായത്. ഒരിടത്ത് നിന്ന് പണവും ആഭരണങ്ങളും കവര്‍ന്നു.
സംഭവത്തില്‍ കോന്നി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മോഷണം നടന്ന വീടുകളില്‍ പരിശോധന നടത്തിവരികയാണ്. വിരലടയാള വിദഗ്ദരടക്കം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രിയുണ്ടായ മോഷണശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എം.എല്‍.എ പടിക്ക് സമീപമുള്ള ഗണേശന്റെ വീട്ടില്‍ രാത്രി രണ്ടരയോടെ രണ്ട് പേര് മതില് ചാടിക്കടന്ന് മോഷണ ശ്രമം നടത്തുന്നതിന്റെ ദൃശ്യങ്ങളാണിത്. ഈ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറക്കാനുള്ള ശ്രമം നടന്നില്ല.
എന്നാല്‍, ഈ വീടിന്റെ സമീപത്തുള്ള വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് നാലായിരം രൂപ മോഷ്ടിച്ചു. അതേസമയം, പി.എം മാത്യൂ എന്നയാളിന്റെ വീട്ടില്‍നിന്നും പണവും ആഭരണങ്ങളും അടക്കം ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു.