SportsTRENDING

ഐപിഎൽ മിനി താരലേലം: കളിക്കാരുടെ രജിസ്ട്രേഷൻ അവസാനിച്ചു; രജിസ്റ്റർ ചെയ്തത് 277 വിദേശ കളിക്കാർ ഉൾപ്പടെ 991 പേർ

മുംബൈ: 23ന് കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിനായുള്ള കളിക്കാരുടെ രജിസ്ട്രേഷന്‍ അവസാനിച്ചു. മിനി താരലേലമാണെങ്കിലും ആകെ 991 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 714 ഇന്ത്യന്‍ കളിക്കാരും 277 വിദേശ കളിക്കാരുമുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്, ജോ റൂട്ട്,  ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സ് നായകനായിരുന്ന മായങ്ക് അഗര്‍വാള്‍ എന്നിവരുമുണ്ട്. ആകെ 87 കളിക്കാരെയാണ് ലേലത്തിലൂടെ ടീമുകള്‍ക്ക് സ്വന്തമാക്കാനാവുക.

രജിസ്റ്റര്‍ ചെയ്ത കളിക്കാരില്‍ 19 ഇന്ത്യന്‍ ക്യാപ്ഡ് കളിക്കാരുണ്ട്. വിദേശതാരങ്ങളില്‍ 166 പേര്‍ ക്യാപ്ഡ് താരങ്ങളാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിനനുള്ള 20 കളിക്കാരും ഇന്ത്യയുടെ 91 അണ്‍ക്യാപ്ഡ് കളിക്കാരും കഴിഞ്ഞ ഐപിഎല്ലില്‍ കളിച്ചിരുന്ന മൂന്ന് വിദേശ അണ്‍ക്യാപ്ഡ് താരങ്ങളും ഉണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ 604 പേര്‍ അണ്‍ ക്യാപ്ഡ് താരങ്ങളാണ്. ഓസ്ട്രേലിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാര്‍ ലേലത്തിനുള്ളത്. 57 കളിക്കാര്‍. ദക്ഷിണാഫ്രിക്ക(52), വെസ്റ്റ് ഇന്‍ഡീസ്(33), ഇംഗ്ലണ്ട്(31), ന്യൂസിലന്‍ഡ്(27), ശ്രീലങ്ക(23) അഫ്ഗാനിസ്ഥാന്‍(14)എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരുടെ എണ്ണം.

Signature-ad

കഴിഞ്ഞ വര്‍ഷത്ത ഐപിഎല്‍ മെഗാ താര ലേലം ബെംഗളൂരുവിലാണ് നടന്നത്. ഓരോ ടീമിനുമുള്ള സാലറി പഴ്സ് 95 കോടി രൂപയായി ഉയര്‍ത്തിയതിനാല്‍ മിനി താരലേലത്തിലും കോടിപതികള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ ധാരണ അനുസരിച്ച് ഈ വര്‍ഷം ഇത് 95 കോടിയായും അടുത്ത വര്‍ഷം 100 കോടിയായും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേലത്തില്‍ 107 ക്യാപ്ഡ് താരങ്ങളും 97 അണ്‍ ക്യാപ്ഡ് താരങ്ങളുമാണ് വിവിധ ടീമുകളിലെത്തിയത്. ആകെ 551.7 കോടി രൂപയാണ് കളിക്കാരെ സ്വന്തമാക്കാന്‍ വിവിധ ടീമുകള്‍ ചെലവഴിച്ചത്. 137 ഇന്ത്യന്‍ താരങ്ങളും 67 വിദേശ താരങ്ങളും ലേലത്തില്‍ വിവിധ ടീമുകളിലെത്തി.

Back to top button
error: