കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ വല്ല കള്ളിയുമായിരുന്നിരിക്കാം; പോലീസ് പേടിയെക്കുറിച്ച് ആശാ ശരത്ത്
തകര്‍പ്പന്‍ പോലീസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും നടി ആശാ ശരത്തിന് പോലീസിനെ പേടിയാണ്! എന്തുകൊണ്ടാണ് തനിക്ക് ഇത്തരത്തിലൊരു ഭയമെന്ന് അറിയില്ലെന്നും പോലീസിനെ ഭയങ്കര പേടിയാണെന്നും ആശ പറഞ്ഞു. ചാനല്‍ അഭിമുഖത്തിലാണ് തന്റെ പോലീസ് പേടിയെക്കുറിച്ച് നടി സംസാരിച്ചത്. ”പോലീസിനെ പേടിയാണ് എനിക്ക്. എന്തിനാണ് അങ്ങനെ ഒരു പേടിയെന്ന് എനിക്ക് അറിയില്ല. ഒരുപാട് പോലീസ് വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് ഭയങ്കര പേടിയാണ്.
ചിലപ്പോള്‍ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ വല്ല കള്ളനുമായിരിക്കാം അതുകൊണ്ടാകും പോലീസിനെ പേടി. ഇതിനെക്കുറിച്ച് ഞാന്‍ അമ്മയോട് ചോദിക്കാറുണ്ട്. കുട്ടികള്‍ പണ്ട് കുസൃതി കാണിക്കുമ്പോള്‍ അമ്മമാര്‍ ഓരോന്നും കാണിച്ച് പേടിപ്പിക്കില്ലേ. അതുപോലെ പോലീസിനെ കാണിച്ചിട്ടാണോ എന്നെ പേടിപ്പിച്ചതെന്ന് അമ്മയോട് ചോദിക്കാറുണ്ട്.
ഖെദയില്‍ അമ്മ വേഷമാണ് ഞാന്‍ ചെയ്യുന്നത്. എന്റെ ജീവിതത്തിലെ മകള്‍ തന്നെയാണ് സിനിമയിലും മകളായി അഭിനയിക്കുന്നത്. അതിലെ എന്റെ കഥാപാത്രം അങ്കണവാടി ടീച്ചറാണ്. മോളെ പഠിപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ ജീവിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്ള ട്രാപ്പിനെക്കുറിച്ചാണ് സിനിമ പറയുന്നത്,” ആശ ശരത്ത് പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ദൃശ്യത്തിലാണ് ആശ ആദ്യമായി പോലീസ് വേഷം ചെയ്യുന്നത്. ഐ.ജി: ഗീത പ്രഭാകര്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അനുഷ്‌ക ഷെട്ടി കേന്ദ്രകഥാപാത്രമായ ബാഗമതി എന്ന തെലുങ്ക് ചിത്രത്തിലും മികച്ച പോലീസ് റോള്‍ ആശാ ശരത്ത് അവതരിപ്പിച്ചിട്ടുണ്ട്. വൈഷ്ണവി നടരാജന്‍ എന്ന കഥാപാത്രമായാണ് ബാഗമതിയില്‍ അവതരിപ്പിച്ചത്.