NEWSWorld

കുവൈത്തിൽ മുൻ എം.പിയു‍ടെ മരണകാരണം ശസ്‍ത്രക്രിയയിലെ പിഴവ്; ആരോഗ്യ മന്ത്രാലയവും രണ്ട് ഡോക്ടർമാരും 4.13 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കുവൈത്ത് സിറ്റി: കുവൈത്തിൽ മുൻ എം.പി ഫലാഹ് അൽ സവാഗിന്റെ മരണത്തിന് കാരണം ശസ്‍ത്രക്രിയയിലെ പിഴവാണെന്ന് കോടതി കണ്ടെത്തി. എം.പിയുടെ കുടുംബത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയവും അദ്ദേഹത്തെ ചികിത്സിച്ച രണ്ട് ഡോക്ടർമാരും ചേർന്ന് 1,56,000 കുവൈത്തി ദിനാർ (4.13 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്നും അപ്പീൽ കോടതി ഉത്തരവിട്ടു.

എം.പിയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകൻ ഡോ. യൂസഫ് അൽ ഹർബഷ് ഫയൽ ചെയ്‍ത കേസിൽ രണ്ട് ഡോക്ടർമാരെ ക്രിമിനൽ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ 5000 കുവൈത്തി ദിനാറിന്റെ ജാമ്യത്തിൽ ശിക്ഷ നടപ്പാക്കുന്നത് കോടതി തടയുകയും ചെയ്‍തു. മുൻ എം.പിക്ക് നടത്തിയ ശസ്‍ത്രക്രിയയിൽ ഡോക്ടർമാരുടെ ഭാഗത്തു നിന്ന് പിഴവുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശിക്ഷാ വിധി.

മെഡിക്കൽ പിഴവ് ആരോപിച്ച് എം.പിയുടെ കുടുംബം നൽകിയ കേസിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം, ഫോറൻസിക് മെഡിസിൻ വകുപ്പ്, കുവൈത്ത് യൂണിവേഴ്‍സിറ്റിയുടെ കോളേജ് ഓഫ് മെ‍ഡിസിൻ എന്നിവയോട് ആരോപണങ്ങൾ പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ശസ്‍ത്രക്രിയയിലെ പിഴവ് കാരണം എം.പിക്ക് രക്തത്തിൽ അണുബാധയുണ്ടായെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയു ചെയ്‍തു. ശസ്ത്രക്രിയ നടത്തിയ കുവൈത്തിലെ സൗദ് അൽ ബാബ്‍തൈൻ സെന്റർ ഫോർ ബേൺസ് ആന്റ് പ്ലാസ്റ്റിക് സർജറിയിലെ മൂന്ന് ഡോക്ടർമാർക്കെതിരെയാണ് കുടുംബം പരാതി നൽകിയത്. ഇവരിൽ ഒരാളാണ് പിഴവ് വരുത്തിയതെന്നും ആരോപിച്ചിരുന്നു. എംപിയുടെ മരണത്തിന് താത്കാലിക നഷ്ടപരിഹാരമായി 5001 ദിനാർ വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

Back to top button
error: