KeralaNEWS

ബസില്‍ നിന്ന് യാത്ര ചെയ്താല്‍ കൊറോണ, അടുത്തടുത്ത് ഇരുന്നാല്‍ ഇല്ല; സര്‍ക്കാരിനെ പരിഹസിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. എം.ഡിയുമായ ബിജു പ്രഭാകര്‍ ഐ.എ.എസ്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാട് അല്ല കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ബി.എം.എസ്. സംഘടനയായ കെ.എസ്.ടി.എ. സംഘ് 22-ാം സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. മദ്യ ശാലകള്‍ അടച്ചിട്ടതും ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് നിരോധിച്ചതിനേയും അദ്ദേഹം വിമര്‍ശിച്ചു.

Signature-ad

20 ലക്ഷം ആളുകളെ കൊണ്ടു പോകുന്ന പൊതുഗതാഗതത്തിന് ഒരു പിന്തുണയുമില്ല. എല്ലാവര്‍ക്കും മെട്രോ മതി. ചര്‍ച്ചകള്‍ മെട്രോ നടപ്പാക്കാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”എന്താണ് ലോക്ക് ഡൗണ്‍ കൊണ്ട് ഉണ്ടായത്? കെ.എസ്.ആര്‍.ടി.സി. ബസിനകത്ത് ഇരുന്ന് യാത്രചെയ്യാം, നിന്നാല്‍ കൊറോണ പിടിക്കും. കോവിഡ് നിയന്ത്രണം ലംഘിക്കുന്ന വാഹനങ്ങളെ എവിടെ കണ്ടാലും പിടിച്ചു നിര്‍ത്താം. പോലീസുകാര്‍, മജിസ്‌ട്രേറ്റുമാര്‍ അടുത്തടുത്ത് ഇരുന്നാല്‍ കൊറോണ പിടിക്കില്ല. അടുത്തടുത്ത് നിന്ന് പോയാല്‍ കൊറോണ പിടിക്കും. ബിവറേജസില്‍ നിന്ന് രണ്ടെണ്ണം വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് അടിച്ചു കഴിഞ്ഞാല്‍ കൊറോണപിടിക്കും. അന്ന് ബിവറേജസ് അടച്ചിട്ടത് കൊണ്ടു മാത്രമാണ് ഇന്ന് കാണുന്ന തരത്തില്‍ ആളുകള്‍ മറ്റു മയക്കുമരുന്നുകളിലേക്ക് മാറിയിരിക്കുന്നത്. ബിവറേജസ് അടച്ചിടാന്‍ പാടില്ല എന്ന് ചീഫ് സെക്രട്ടറിയുടെ മീറ്റില്‍ പറഞ്ഞിരുന്നു. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും അതിന്റെ അനന്തരഫലം എന്താണെന്നുള്ളതെന്ന് നമ്മള്‍ മനസ്സിലാക്കണം.” -അദ്ദേഹം പറഞ്ഞു.

പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാടല്ല കേരളത്തിനും കേന്ദ്രത്തിനും. ഇരുപത് ലക്ഷം ആള്‍ക്കാരെ കൊണ്ടുപോകുന്ന പൊതുഗതാഗതത്തിന് ഒരു പിന്തുണയുമില്ല. ചര്‍ച്ചകള്‍ മെട്രോ നടപ്പാക്കാന്‍ വേണ്ടി മാത്രമാണ്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള നയങ്ങളല്ല പലപ്പോഴും ചെയ്യുന്നത്. ഒറ്റ കാര്യം മാത്രമാണ് ചിന്തിക്കുന്നത്, മെട്രോ, മെട്രോ, മെട്രോ. മെട്രോയ്ക്ക് വേണ്ടി കോടിക്കണക്കിന് രൂപ മുടക്കുമ്പോള്‍ 20 ലക്ഷം ആള്‍ക്കാരെ കൊണ്ടു പോകുന്ന കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി എത്ര രൂപ ചിലവഴിക്കുന്നുവെന്ന് ബിജുപ്രഭാകര്‍ ചോദിച്ചു.

 

Back to top button
error: