KeralaNEWS

സ്വന്തം നിലയില്‍ തൊഴില്‍ തേടി അതിഥി തൊഴിലാളികള്‍, പ്രത്യേക ഓഫറും ! മലയാളത്തില്‍ വിസിറ്റിംഗ് കാര്‍ഡ്, ഇടനിലക്കാര്‍ വേണ്ട, കൂലി ഓണ്‍ലൈന്‍; കര്‍ഷകരെ നേരില്‍ കണ്ട് ജോലി അന്വേഷണം

പാലക്കാട്: ഇടനിലക്കാരെ ഒഴിവാക്കി സ്വന്തം നിലയില്‍ തൊഴില്‍ തേടി അതിഥി തൊഴിലാളികള്‍. പാലക്കാട് നെന്മാറയിലും പരിസര പ്രദേശങ്ങളിലുമാണ് അതിഥി തൊഴിലാളികള്‍ സ്വന്തം നിലയില്‍ തൊഴില്‍ തേടുന്നത്. മലയാളത്തില്‍ പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വിസിറ്റിംഗ് കാര്‍ഡ് നല്‍കിയാണ് തൊഴില്‍ അന്വേഷണം. കൂലി ഓണ്‍ലൈനായി നല്‍കാനുള്ള സംവിധാനമടക്കമാണ് അതിഥി തൊഴിലാളികള്‍ ഏര്‍പ്പെടുത്തിയത്. പാടശേഖരങ്ങളും നെല്‍കൃഷിയുമുള്ള കര്‍ഷകരെ നേരില്‍ കണ്ടാണ് ജോലി അന്വേഷണം.

കഴിഞ്ഞ കൊല്ലം 4000 രൂപ കൂലി നല്‍കിയ സ്ഥലത്ത് ഇക്കുറി 3500 രൂപ നല്‍കിയാല്‍ മതിയെന്ന ഓഫറുമുണ്ട്. രണ്ടാം വിള നടീല്‍ അടുത്തിരിക്കെയാണ് വേറെ ലെവല്‍ തൊഴില്‍ അന്വേഷണം പുരോഗമിക്കുന്നത്. 200ല്‍ അധികം പശ്ചിമ ബംഗാള്‍ സ്വദേശികളാണ് ആലത്തൂര്‍, തേങ്കുറിശ്ശി, ചിറ്റൂര്‍, കൊല്ലങ്കോട് മേഖലയില്‍ താമസിക്കുന്നത്. കൃഷി സ്ഥലത്തിന്‍റെ വലിപ്പം അനുസരിച്ച് ഇടനിലക്കാര്‍ തൊഴിലാളികളെ എത്തിക്കുന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന രീതി. കൃത്യ സമയത്ത് പണിക്കിറങ്ങുകയും വിശ്രമത്തിനായി അധികം സമയം എടുക്കാതെയും ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളെ കര്‍ഷകര്‍ക്കും മതിപ്പാണ്. ഞാറുകള്‍ നട്ട പാടങ്ങള്‍ ദൂരെ ആണെങ്കിലും അതിഥി തൊഴിലാളികള്‍ക്ക് പ്രശ്നമില്ലെന്നതും കര്‍ഷകര്‍ക്ക് ആശ്വാസമാണ്.

സംസ്ഥാനത്തെ തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികള്‍ അടക്കമുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പല പദ്ധതികളും നടപ്പിലാക്കുന്നത്. കേരളത്തിൽ എത്തുന്ന അതിഥി തൊഴിലാളികൾക്ക് ചെലവ് കുറഞ്ഞ താമസസൗകര്യം ഒരുക്കാനായി കളമശേരി കിൻഫ്ര ഹൈടെക് പാർക്കിൽ ഹോസ്റ്റല്‍ സമുച്ചയമാണ് തൊഴില്‍ വകുപ്പ് നിര്‍മ്മിക്കുന്നത്. അപ്നാ ഘര്‍ എന്ന പദ്ധതി പ്രകാരമാണ് ഇത്. തൊഴിൽദാതാവ് താമസ സൗകര്യം നൽകാത്തതുമൂലം വൃത്തിഹീനമായ ചുറ്റുപാടിലാണ് പല അതിഥി തൊഴിലാളികളും ജീവിക്കുന്നത്. ഇത്‌ പകർച്ചവ്യാധികളിലേക്കും സാമൂഹിക പ്രശ്നങ്ങളിലേക്കും നയിക്കുന്നത് ഒഴിവാക്കാനാണ് തൊഴില്‍ വകുപ്പിന്‍റെ ഈ ശ്രമത്തിന് പിന്നില്‍.

Back to top button
error: