ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. ഇപ്പോഴിതാ ‘ഷെഫീക്കിന്റെ സന്തോഷ’ത്തിന്റെ സെൻസറിംഗ് കഴിഞ്ഞുവെന്നതാണ് പുതിയ റിപ്പോർട്ട്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ‘ഷെഫീക്കിന്റെ സന്തോഷ’ത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും നാല് മിനിട്ടുമാണ് ചിത്രത്തിന്റെ ദൈർഘ്യം. എൽദോ ഐസക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നൗഫൽ അബ്‍ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.
പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ആളാണ് ‘ഷെഫീഖ്’. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് നിർമാണം. റിയലിസ്റ്റിക് ഫാമിലി എന്റർടെയ്‍നർ എന്ന വിഭാഗത്തിലായിരിക്കും ചിത്രം എത്തുക. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നായകനായ ഉണ്ണി മുകുന്ദന്റെ അച്ഛൻ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു അച്ഛൻ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. മേപ്പടിയാൻ എന്ന സിനിമയിൽ തന്നെ അച്ഛൻ അഭിനയിക്കാൻ തീരുമാനിച്ചിരുന്നതായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. അത് നടന്നില്ല.
ഷെഫീക്കിന്റെ സന്തോഷം ചിത്രത്തിൽ അച്ഛനും വേഷമിടുന്നതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞത് റിവേഴ്‍സ് നെപ്പോട്ടിസമാണ് സംഭവിച്ചിരിക്കുന്നത് എന്നായിരുന്നു. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത് ആണ്. മേക്കപ്പ്- അരുൺ ആയൂർ. വസ്‍ത്രാലങ്കാരം- അരുൺ മനോഹർ. സ്റ്റിൽസ്- അജി മസ്‍ക്കറ്റ്. അസോസിയേറ്റ് ഡയറക്ടർ- രാജേഷ് കെ രാജൻ എന്നിവരുമാണ്.