രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയിലർ’. നെൽസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം അമ്പത് ശതമാനത്തോളം പൂർത്തിയായെന്നാണ് റിപ്പോർട്ട്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘ജയിലർ’ എന്നാണ് റിപ്പോർട്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. രമ്യാ കൃഷ്ണനും ചിത്രത്തിൽ കരുത്തുറ്റ കഥാപാത്രമായി എത്തും. അടുത്ത വർഷമാകും ചിത്രം റിലീസ് ചെയ്യുക.
പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്. ചെന്നൈയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്തത്. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റൻ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയിൽ ‘ജയിലർ’ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്.
തിരക്കഥയിൽ തൻറേതായ സ്വാതന്ത്ര്യമെടുക്കാൻ നെൽസണിന് രജനികാന്ത് അനുവാദം നൽകിയിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. അരങ്ങേറ്റമായ ‘കോലമാവ് കോകില’യിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെൽസൺ. കരിയർ ബ്രേക്ക് നൽകിയത് ശിവകാർത്തികേയൻ നായകനായ ‘ഡോക്ടർ’ ആയിരുന്നു. ഏറ്റവും ഒടുവിൽ നെൽസണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയത് വിജയ് ചിത്രമായ ‘ബീസ്റ്റ്’ ആയിരുന്നു. ‘ബീസ്റ്റ്’ എന്ന ചിത്രം തിയറ്ററിൽ പരാജയമായിരുന്നു. ‘ജയിലറി’ലൂടെ വൻ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെൽസൺ. ‘ജയിലറു’ടെ പ്രഖ്യാപനം ഓൺലൈനിൽ ചർച്ചയായിരുന്നു.