NEWS

100 കോച്ചുകൾ, 1.9 കിലോ മീറ്റർ നീളം, 4550 സീറ്റ്; ലോകത്തിലെ ഏറ്റവും വലിയ യാത്രതീവണ്ടിയുടെ വിശേഷങ്ങൾ

ബേൺ: ആല്‍പ്സ് മലനിരകളെ ചുറ്റി അതിമനോഹരമായ പശ്ചാത്തലത്തില്‍ പെരുമ്പാമ്പുപോലെ നീങ്ങുന്ന ഒരു ബഹുനീളന്‍ തീവണ്ടി. 100 കോച്ചുകള്‍ ചേര്‍ത്തുവെച്ച, 1.9 കിലോ മീറ്റര്‍ നീളവും 4550 സീറ്റുകളുമുള്ള ഈ വണ്ടിയാണ് ഇനി ലോകത്തെ ഏറ്റവും വലിയ യാത്രാതീവണ്ടി.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാസഞ്ചര്‍ ട്രെയിന്‍ സ്വിറ്റ്സര്‍ലന്‍ഡിലാണ്.അല്‍ബുല-ബെര്‍നിന റൂട്ടില്‍ പ്രീഡയില്‍നിന്ന് ബെര്‍ഗൂനിലേക്കാണ് വണ്ടി ഓടുന്നത്. യുനെസ്‌കോയുടെ ലോകപൈതൃക വഴിയായി 2008-ല്‍ പ്രഖ്യാപിച്ച പാതയാണിത്. ദൈര്‍ഘ്യം 25 കിലോ മീറ്റര്‍, യാത്രയ്‌ക്കെടുക്കുന്ന സമയം ഒരു മണിക്കൂര്‍. റീഷന്‍ റെയില്‍വേ കമ്പനിയാണ് വണ്ടിയോടിക്കുന്നത്.
22 തുരങ്കങ്ങളും 48 പാലങ്ങളുമുള്ള ഈ മനോഹരപാതയിലൂടെ തീവണ്ടി കടന്നുപോകുമ്പോള്‍ കാണാനായി എത്തുന്നവരുമേറെ. 175 വര്‍ഷം പൂര്‍ത്തിയാക്കിയ സ്വിറ്റ്‌സര്‍ലന്‍ഡ് റെയില്‍വേയുടെ ആഘോഷങ്ങളുടെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും നീളമുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്.
ദൈര്‍ഘ്യമേറിയ ചരക്ക് തീവണ്ടികള്‍ ഉണ്ടെങ്കിലും ഇത്രയും നീളമുള്ള യാത്ര തീവണ്ടികള്‍ ആദ്യമാണെന്നാണ് റീഷന്‍ റെയില്‍വേ അവകാശപ്പെടുന്നത്. ഈ ട്രെയിനിന്റെ ഒാട്ടം ആരംഭിച്ചതോടെ ഏറ്റവും ദൈര്‍ഘ്യമുള്ള പാസഞ്ചര്‍ ട്രെയിന്‍ എന്നുള്ള ലോക റെക്കോഡ് മറികടക്കാനായെന്നും റീഷന്‍ റെയില്‍വേ അവകാശപ്പെടുന്നു.

Back to top button
error: