LocalNEWS

കോടതികള്‍ ഒരു മതപരിപാടിയുടെ ഭാഗമാകരുത്, ഗുരുവായൂരിലെ ‘കോടതി വിളക്കി’ൽ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പങ്കാളികളാകരുതെന്ന് ഹെെക്കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’ നടത്തിപ്പില്‍ ജഡ്ജിമാര്‍ പങ്കെടുക്കേണ്ടെന്ന് ഹൈക്കോടതി. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് കത്തയച്ചിട്ടുണ്ട്. ‘കോടതി വിളക്ക്’ എന്ന് വിളിക്കുന്നത് അസ്വീകാര്യമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതിയിൽ തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരാണ് നിർദേശം നൽകിയത്.

നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പരിപാടിയിലും സംഘാടനത്തിലും പങ്കാളികളാകരുത്. ഭരണഘടനാ സ്ഥാപനമെന്ന നിലയ്ക്ക് ജഡ്ജിമാരും അഭിഭാഷകരും ചടങ്ങില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ടാണ് ‘കോടതി വിളക്ക്’ എന്ന ചടങ്ങ് ക്ഷേത്രത്തില്‍ നടക്കുന്നത്. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ജില്ലാ ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അഭിഭാഷകരും കോടതി ജീവനക്കാരും ജഡ്ജിമാരും ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുക്കുന്നത് അടിയന്തരമായി വിലക്കണമെന്ന് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് അയച്ച കത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ചു. 100 വര്‍ഷം മുമ്പ് ചാവക്കാട് മുന്‍സിഫ് ആയിരുന്ന കേയി എന്നയാളാണ് ഗുരുവായൂരിൽ ഏകാദശി വിളക്ക് നേരാന്‍ തുടങ്ങിയത്. പിന്നീട് വന്ന മുന്‍സിഫുമാരും ജഡ്ജിമാരും അഭിഭാഷകരും ഈ ചടങ്ങ് തുടരുകയായിരുന്നു.

ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്‌ക്കോ കൂട്ടായോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എതിർപ്പില്ലെങ്കിലും, ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി.  കോടതികൾ മതപരമായ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കും ഇതെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ വിലയിരുത്തി. മതേതര ജനാധിപത്യ സ്ഥാപനങ്ങൾ എന്ന നിലയിൽ കോടതികൾ ഏതെങ്കിലും പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Back to top button
error: