KeralaNEWS

മുട്ടുകാല് തല്ലിയൊടിക്കും; തൃശൂരില്‍ അധ്യാപകന് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി

തൃശൂര്‍: മഹാരാജാസ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി എസ്.എഫ്.ഐ നേതാവ്. വിദ്യാര്‍ത്ഥി സമരത്തിനിടെ കോളജിലെത്തിയ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അസം മുബാറകും സംഘവുമാണ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ ഭീഷണിപ്പെടുത്തിയത്.

അധ്യാപകരോട് ഞങ്ങള്‍ക്ക് ബഹുമാനമാണ്. പക്ഷേ തെമ്മാടിത്തരം കാണിച്ചാല്‍ കാല് തല്ലിയൊടിക്കും. ഞങ്ങള്‍ കുറേ പേരെ കണ്ടിട്ടുണ്ട്. സിന്‍ഡിക്കേറ്റിലും സെനറ്റിലും ഒക്കെ ഞങ്ങള്‍ അംഗങ്ങളാണ്. ഞങ്ങളുടെ കുട്ടികളെ തൊട്ടാലുണ്ടല്ലോ, മര്യാദയ്ക്ക് മാപ്പെഴുതി കൊടുത്തോ. ഇല്ലെങ്കിലുണ്ടല്ലോ, കാല് തല്ലിയൊടിക്കും, പുറത്തിറങ്ങ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയാണ് പറയുന്നതെന്നായിരുന്നു ഭീഷണി.

Signature-ad

മറ്റ് അധ്യാപകരുടേയും പോലീസിന്റെയും സാന്നിധ്യത്തിലായിരുന്നു പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ പി.ദിലീപിനെ എസ്.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ കോളജില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ക്യാമ്പസില്‍ പോലീസിനെ വിളിച്ചു വരുത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. എസ്.എഫ്.ഐക്കാരായ ചില വിദ്യാര്‍ത്ഥികളെ പുറത്താക്കി. തുടര്‍ന്ന് എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെയാണ് എസ്.എഫ്.ഐ നേതാക്കള്‍ കോളജിലെത്തി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ ഭീഷണിപ്പെടുത്തിയത്.

 

Back to top button
error: