NEWS

മനുഷ്യൻ്റെ അന്ധവിശ്വാസങ്ങളും കേരളത്തിൽ പെരുകുന്ന നരബലികളും

ജോതിഷം, ഗ്രഹനില, ഗ്രഹപിഴ, ശനിദോഷം, നരബലി, മന്ത്രവാദം, കൂടോത്രം, ചൊവ്വാദോഷം തുടങ്ങിയ അന്ധവിശ്വാസങ്ങൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് പത്തനംതിട്ട ഇലന്തൂരിലെയും കഴിഞ്ഞ ദിവസം തിരുവനന്തപുരം പാറശ്ശാലയിൽ നടന്ന ഷാരോണിന്റെയും കൊലപാതകങ്ങൾ.
22 വയസ്സുള്ള ഗ്രീഷ്മ എന്ന പെൺകുട്ടി 23 വയസ്സുള്ള ഷാരോൺ എന്ന യുവാവിനെ കഷായത്തിൽ കോപ്പർ സൾഫേറ്റ് ലയിപ്പിച്ചു നൽകി കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്.
 ആദ്യ വിവാഹത്തിലെ ഭർത്താവ് മരണപ്പെടുമെന്ന് ജാതകത്തിൽ പറയുന്നുണ്ടെന്നും അത് പ്രകാരം ഷാരോണിനെ ആസൂത്രിതമായി പ്രണയിച്ച് താലി കെട്ടിപ്പിച്ച ശേഷം കൊലപ്പെടുത്തുക ആയിരുന്നു എന്നുമാണ് വാർത്തകളിൽ നിന്ന് മനസ്സിലാക്കുന്നത്.  കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണം ജാതകദോഷത്തിൽ പറയുന്ന ഈ മരണം സംബന്ധിച്ച അന്ധവിശ്വാസമാണെന്നും മനസ്സിലാക്കുന്നു.എന്നാൽ ഗ്രീഷ്മ കൊലക്കേസിൽ പ്രതിയാകുമെന്നും ജയിൽവാസം അനുഭവിക്കാൻ യോഗമുണ്ടെന്നും, ജോത്സ്യർ പറയാഞ്ഞതെന്തുകൊണ്ട്?
22 വയസ്സുള്ളൊരു പെൺകുട്ടിക്ക് ഒറ്റയ്ക്ക് ഇത്തരത്തിൽ ആസൂത്രിതമായി ഒരു കൊലപാതകം നടത്താൻ അവളുടെ വിശ്വാസമാണ് അവളെ പ്രേരിപ്പിച്ചത്.
ജാതകദോഷം കണ്ടെത്തിയത് സ്വാഭാവികമായും പെൺകുട്ടിയുടെ വീട്ടുകാർ ആയിരിക്കും എന്നുള്ളത് കൊണ്ട് തന്നെ ഗ്രീഷ്മയുടെ കുടുംബത്തിന് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ സൂക്ഷ്മമായ അന്വേഷണം ആവശ്യമാണ്.
മാത്രമല്ല, ഏറ്റവും അവസാനം, കൃത്യമായി പറഞ്ഞാൽ ഷാരോണിന് ഗ്രീഷ്മ വിഷം നൽകിയ ദിവസം ഗ്രീഷ്മയാണ് അവനെ വീട്ടിലേക്ക് വിളിച്ചു വരുത്തിക്കുന്നത്.
 ഷാരോണും, സുഹൃത്തും വീട്ടിൽ എത്തുമ്പോൾ ഗ്രീഷ്മയുടെ മാതാപിതാക്കൾ വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നതിന് ഷാരോണിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സാക്ഷിയാണ്. അങ്ങനെയാണെങ്കിൽ അവരെന്തിനാണ് വീടൊഴിഞ്ഞു നൽകിയത് എന്ന ചോദ്യം പ്രസക്തമാണെന്ന് തോനുന്നു.
കൊലപാതകത്തിൽ ഗ്രീഷ്മയുടെ കുടുംബത്തിന് പങ്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും, പെൺകുട്ടിയുടെ ജാതകം നോക്കിയ, ആദ്യ ഭർത്താവ് മരണപ്പെടുമെന്ന് അറിയിച്ച ജ്യോതിഷിയെ കൂടി കേസിൽ പ്രതി ചേർക്കേണ്ടതുണ്ട്. അയാളുടെ പ്രവചനത്തിൽ വിശ്വാസിച്ചാണ് അവൾ ആ യുവാവിനെ കൊലപ്പെടുത്തിയതെങ്കിൽ സ്വാഭാവികമായും അത്തരമൊരു പ്രവചനം അന്ധവിശ്വാസം പ്രചരിപ്പിച്ച അയാളും ഈ കൊലപാതകത്തിന്റെ ഭാഗമാണ്.
പെണ്ണാണെന്നതോ, ചെറിയ പ്രായമാണെന്നതോ ഒന്നും ഒരാൾക്ക് ഒരു ക്രൈമിൽ നിന്ന് രക്ഷപ്പെടാനുള്ള കാരണങ്ങൾ അല്ല. നിയമത്തിൽ നിന്ന് ഊരി പോകാനുള്ള മാനദണ്ഡവുമല്ല. വളരെ ആസൂത്രിതമായി ഒരു കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗ്രീഷ്മ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഈ കൊലപാതകത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടാവണം. മകൻ നഷ്ടപ്പെട്ട ആ കുടുംബത്തിന് നീതി ഉറപ്പാക്കണം.
ഭൂമിയെപ്പോലെ ധാരാളം ഗോളങ്ങൾ പ്രപഞ്ചത്തിലുണ്ട്. അകലെയെവിടെയോ നിന്ന് ചുറ്റിതിരിയുന്ന ചൊവ്വാഗ്രഹത്തിന് ഭൂമിയിൽ താമസിക്കുന്ന കേവലം ദുർബലനായ ഒരു മനുഷ്യജീവിയോട് എന്തിനാണിത്ര പക? ഒന്നു ചിന്തിക്കുക.

Back to top button
error: