കൊച്ചി: ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് മുടങ്ങിയതോടെ കേരളത്തില്‍ കുടുങ്ങി ദ്വീപ് നിവാസികള്‍. സര്‍വീസ് നടത്തുന്ന ഏക കപ്പലില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിനായി തിക്കും തിരക്കുമാണ് ടിക്കറ്റ് കൗണ്ടറുകളില്‍. ചികിത്സയ്ക്കും പഠനത്തിനുമായി എത്തിയവരാണ് ആഴ്ചകളായി കുടുങ്ങിക്കിടക്കുന്നത്.
കൊച്ചിയില്‍നിന്നും ബേപ്പൂരില്‍ നിന്നുമായി ഏഴു കപ്പലുകളും 3 ഹൈസ്പീഡ് വെസലുകളുമാണ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍, ഇന്ന് സര്‍വീസ് നടത്തുന്നത് കൊച്ചിയില്‍ നിന്നുള്ള എം.വി ലഗൂണ്‍സ് മാത്രം. ഇതില്‍ കയറിപ്പറ്റാനാണ് രണ്ടായിരത്തിലധികം ദ്വീപ് നിവാസികള്‍ കൊച്ചിയിലും ബേപ്പൂരും ടിക്കറ്റിനായി കാത്ത് നില്‍ക്കുന്നത്. ആയിരത്തി അഞ്ഞൂറ് രൂപയുടെ ആശുപത്രി ആവശ്യത്തിനായി കേരളത്തിലെത്തിയവര്‍ക്ക് താമസത്തിന് മാത്രമായി പതിനായിരങ്ങള്‍ മുടക്കേണ്ട അവസ്ഥയാണ്.
രണ്ട് കപ്പലുകളുടെ കാലാവധി കഴിഞ്ഞതും, ബാക്കിയുള്ളവ അറ്റകുറ്റപണികള്‍ക്കായി കയറ്റിയതുമാണ് ദ്വീപ് നിവാസികള്‍ക്ക്് കുരുക്കായത്.