കോഫി ഇഷ്ടമുള്ളവരാണ് ഭൂരിഭാഗം പേരും. ഉറക്കമുണർന്നാലുടൻ ഒരു ബഡ് കോഫി ഏവരുടെയും ശീലമാണ്. കാപ്പിയില്‍ രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ഇത് അമിതമായി കഴിക്കുന്നത് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പി.സി.ഒ.എസ്) വികസിക്കാൻ കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കാപ്പിയിലെ കഫീന്‍ ഉള്ളടക്കം ഇന്‍സുലിന്‍ സംവേദനക്ഷമത കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു. ഇത് പി.സി.ഒ.എസിന് ദോഷകരമാണ്. പ്രധാന നാഡീവ്യൂഹത്തെയും ശരീരത്തിലെ ഉപാപചയ സംവിധാനങ്ങളെയും ബാധിക്കുന്ന ഘടകങ്ങളിലൊന്നാണ് കഫീന്‍ എന്നത് ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണ്.
ലാന്‍സെറ്റ് പോലുള്ള മെഡിക്കല്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വിവിധ പഠനങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരും വന്ധ്യതയും തമ്മില്‍ ബന്ധം കണ്ടെത്തിയിട്ടുണ്ട്. അണ്ഡാശയ പ്രവര്‍ത്തനത്തിലെ മാറ്റത്തിലൂടെയോ ഹോര്‍മോണ്‍ മെറ്റബോളിസത്തിലെ മാറ്റങ്ങളിലൂടെയോ എന്‍ഡോജെനസ് ഹോര്‍മോണുകളുടെ അളവ് ബാധിക്കുന്നതിലൂടെ കഫീന്‍ പ്രത്യുല്‍പാദന ആരോഗ്യത്തെ ബാധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
ശരീരത്തിനുള്ളില്‍ കഫീന്‍ ഒരു നോണ്‍-സെലക്ടീവ് അഡിനോസിന്‍ എതിരാളിയായി പ്രവര്‍ത്തിക്കുന്നു. ഇത് സൈക്ലിക് അഡിനോസിന്‍ മോണോഫോസ്‌ഫേറ്റിന്റെ (എ.എം.പി) ഇന്‍ട്രാ സെല്ലുലാര്‍ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നു. കഫീന്‍ കൂടാതെ കാപ്പിയില്‍ ലിഗ്‌നാനുകളും ഐസോഫ്‌ലേവണുകളും ഉള്‍പ്പെടെ നിരവധി ബയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. കഫീനും ഈസ്ട്രജനും കരള്‍ വഴി മെറ്റബോളിസീകരിക്കപ്പെടുന്നു എന്നതിനാല്‍, കാപ്പിയിലെ ഈ ബയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ സാധാരണ ഉപാപചയ പാതകളിലൂടെ എസ്ട്രാഡിയോളിന്റെ അളവിലും ഇടപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഹോര്‍മോണ്‍ അളവിലുള്ള ഈ മാറ്റങ്ങള്‍ ഒരു സ്ത്രീയുടെ ആര്‍ത്തവചക്രത്തെ ബാധിച്ചേക്കാമെന്നും പഠനങ്ങള്‍ പറയുന്നു.
ഗര്‍ഭാവസ്ഥയില്‍ ഈസ്ട്രജന്റെയും എച്ച്‌സിജിയുടെയും അളവ് കുറയുന്നതുമായി കാപ്പി കഴിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കഫീന്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ വര്‍ദ്ധിപ്പിക്കുന്നു, ഇത് ഇന്‍സുലിന്‍ അടിച്ചമര്‍ത്തുന്ന പ്രോജസ്റ്ററോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. യൂറോപ്യന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിയും ലോകാരോഗ്യ സംഘടനയും, ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിദിനമുള്ള കഫീന്‍ ഉപഭോഗം പരിമിതപ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നു.