ഇടുക്കി: മുങ്ങിമരണമെന്നു കണ്ട കേസില്‍ പോലീസിന്റെ സംശയത്തില്‍നിന്നു തുടങ്ങിയ അന്വേഷണത്തില്‍ വെളിപ്പെട്ടതു കൊലപാതകം.
പീരുമേട് പാലൂര്‍ക്കാവ് കുന്നുംപുറത്ത് കുഞ്ഞുമോനെ (58) തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോട്ടയം കറുകച്ചാല്‍ മാന്തുരുത്തി വെട്ടിക്കാവുങ്കല്‍ സഞ്ജു(ഷിജു 27)വിനെ സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷം അറസ്റ്റ് ചെയ്തു. കുഞ്ഞുമോന്റെ ബന്ധുക്കള്‍ പോലും ദുരൂഹത കാണാതിരുന്ന സംഭവത്തില്‍ പോലീസിന്റെ സംശയം പ്രതിയിലേക്ക് എത്തിയത് ഇങ്ങനെ:
ഇക്കഴിഞ്ഞ ഓണത്തിനു തലേന്നാണു പാലൂര്‍ക്കാവിലെ ചെറിയ തോട്ടില്‍ കുഞ്ഞുമോനെ മരിച്ച നിലയില്‍ കണ്ടത്. മദ്യപിച്ചെത്തിയ കുഞ്ഞുമോന് തോട്ടില്‍ വീണു മുങ്ങിമരിച്ചതാണെന്ന് എല്ലാവരും കരുതി. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ശരീരത്തില്‍ കണ്ട മര്‍ദനത്തിന്റെ ചെറിയ പാടുകള്‍ പോലീസിനു സംശയമായി. ഇതോടെ സംഭവത്തിനു തൊട്ടുമുന്‍പുള്ള ദിവസം കുഞ്ഞുമോന് പോയ വഴികള്‍ പോലീസ് അന്വേഷിച്ചു. ഇടുക്കി എസ്.പിയുടെ മേല്‍നോട്ടത്തില്‍ തുടര്‍ന്നു അന്വേഷണം നടത്തി.
പാലൂര്‍ക്കാവില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട്ടിലാണു കുഞ്ഞുമോനെ അവസാനമായി കണ്ടത്. ഒപ്പം മറ്റു 2 പേരും ഉണ്ടായിരുന്നു. നിര്‍മാണജോലികള്‍ക്കായി മണ്ണുമാന്തിയന്ത്രവുമായി എത്തിയ സഞ്ജുവും മാണി എന്ന മറ്റൊരാളുമായിരുന്നു അത്. ഇവര്‍ മൂവരും ചേര്‍ന്ന് നിര്‍മാണത്തിനു ശേഷം ബാക്കിവന്ന ഇരുമ്പുകമ്പികള്‍ ഓട്ടോറിക്ഷയില്‍ കയറ്റി മുണ്ടക്കയത്ത് എത്തിച്ചു വില്പന നടത്തി.
തുടര്‍ന്നു മദ്യം വാങ്ങി ഇവര്‍ പാലൂര്‍ക്കാവില്‍ എത്തി. മാണി വീട്ടിലേക്കു പോകുകയും ചെയ്തു. ഉച്ച മുതല്‍ മദ്യലഹരിയിലായിരുന്ന കുഞ്ഞുമോനും സഞ്ജുവും പിന്നീട് പാലൂര്‍ക്കാവ് തോട്ടില്‍ ഒരാളുടെ ഉടമസ്ഥതയിലുള്ള പാലത്തിനു സമീപം എത്തി അവിടെയിരുന്നു മദ്യപിച്ചു. ഇവിടെ വച്ചു മദ്യം വാങ്ങിയ പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി. കുഞ്ഞുമോനെ മര്‍ദിച്ച് അവശനാക്കിയ സഞ്ജു ഒഴുക്കുള്ള തോട്ടിലേക്കു തള്ളിയിട്ടതിനു ശേഷം ബൈക്കില്‍ കയറി പോയി. കുറച്ചു ദൂരം പോയ ശേഷം വീണ്ടും തിരികെയെത്തി. വെള്ളത്തില്‍ കിടന്നിരുന്ന കുഞ്ഞുമോന് മരിച്ചു എന്ന് ഉറപ്പു വരുത്തി മലര്‍ത്തിക്കിടത്തി വെള്ളത്തില്‍ മുക്കി. തുടര്‍ന്നു മുണ്ടക്കയത്തു തന്റെ റൂമിലെത്തി ബൈക്ക് സുഹൃത്തിനെ ഏല്പിച്ചു. അതിനു ശേഷം ജോലി കിട്ടി എന്ന് അറിയിച്ചു മംഗളൂരുവിലേക്കു കടന്നു. തുടര്‍ന്നു നിരന്തരം ട്രെയിനില്‍ യാത്ര ചെയ്തു പോലീസിന്റെ കണ്ണുവെട്ടിച്ചു നടന്നു.
സ്വന്തം ഫോണ്‍ ഉപേക്ഷിച്ച്, സഹയാത്രികരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോണുകളില്‍ നിന്നാണു ഹിന്ദി നന്നായി അറിയാവുന്ന പ്രതി തനിക്ക് ആവശ്യമുള്ളവരെ വിളിച്ചിരുന്നത്. എന്നാല്‍, ഇയാളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വരുന്ന ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി ചങ്ങനാശേരിയില്‍ എത്തിയതായി വിവരം ലഭിച്ചതോടെ പോലീസ് അവിടെ എത്തി അറസ്റ്റ് ചെയ്തു.