കണ്ണൂർ: ആറളം ഫാമിലെ കാട്ടാന ശല്യം തടയാൻ ആനപ്രതിരോധ മതിൽ നിർമിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ആന ശല്യം രൂക്ഷമായ ആറളത്ത് ആന മതിൽ സ്ഥാപിക്കണമെന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയ – സംഘടനാ – തൊഴിലാളി യൂണിയനുകളും നേരത്തെ മുതൽ തന്നെ ആവശ്യപ്പെട്ടിരുന്നു.
ഒരു മാസം മുമ്പ് ആറളം ഫാം ഒൻപതാം ബ്ലോക്കിലെ വളയംചാൽ പൂക്കുണ്ട് കോളനിയിലെ വാസു എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഎം വനംവകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു. വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ആളുകളെ രക്ഷിക്കാൻ ഉള്ള ഉത്തരവാദിത്തം സർക്കാരിന് ഉണ്ടെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പ്രതികരണം. വാസു ഉൾപ്പെടെ ഇക്കൊല്ലം മൂന്നു പേരാണ് ആറളത്ത് കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
നേരത്തെ പട്ടികജാതി പട്ടികവർഗ വകുപ്പ് ആറളത്ത് ആനമതിൽ നിർമിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. 22 കോടി രൂപ ഇതിനായി വകയിരുത്തി, നിർമാണം പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചു. എന്നാൽ പദ്ധതി നീണ്ടതോടെ ഒരു വിഭാഗം ആളുകൾ ആനമതിൽ നിർമാണം വേഗത്തിലാക്കാൻ ഇടപെടൽ തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. ഇതിനെതിരെ സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയതോടെ മതിൽ നിർമാണം നീണ്ടു. ഇതിനിടെ കരിങ്കൽ മതിലിന് പകരം ഹാങിംഗ് ഫെൻസിംഗ് മതി എന്ന ചർച്ചയായതോടെ പദ്ധതി പൂർണമായും സ്തംഭിച്ചു.
എന്നാൽ കാട്ടാനയുടെ ആക്രമണങ്ങൾ പതിവായതോടെ വീണ്ടും ആനമതിലിനായി ആവശ്യം ഉയരുകയായിരുന്നു. മതിൽ നിലവിലുള്ള ഭാഗത്തു കൂടി ആനകൾ ഫാമിൽ പ്രവേശിക്കുന്നില്ലെന്ന വാദവും പ്രദേശവാസികൾ മുന്നോട്ടുവച്ചു. തുടർന്നാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. യോഗത്തിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ, പട്ടികജാതി- പട്ടികവർഗ്ഗ മന്ത്രി കെ.രാധാകൃഷ്‌ണൻ, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് , കണ്ണൂർ ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ എന്നിവർ പങ്കെടുത്തു. മതിൽ നിർമിച്ചാൽ ആന മറ്റൊരു ഭാഗത്ത് കൂടി പ്രവേശിക്കുകയാണെങ്കിൽ നേരത്തെ വിദഗ്‍ധ സമിതി നിർദ്ദേശിച്ച കരുതൽ നടപടികൾ അവിടെ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.