NEWSTech

അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താൻ ‘ലോകോസ് മൊബൈല്‍’ ആപ്ളിക്കേഷന്‍

എളംകുളം: കഴിഞ്ഞ 25 വർഷത്തെ പ്രവർത്തന ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക സാമ്പത്തിക സ്ത്രീ ശാക്തീകരണ രംഗത്തു കുടുംബശ്രീ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുമെന്നു തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ ദേശീയ മേഖലാതല ശിൽപ്പശാല എളംകുളം റാഡിസൺ ബ്ലൂ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗ്രാമീണ മേഖലയിലെ അയൽക്കൂട്ടങ്ങളുടെയും ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രവർത്തനങ്ങളും രേഖപ്പെടുത്താൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ലോകോസ്’ എന്ന പുതിയ മൊബൈൽ ആപ്ളിക്കേഷൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എൻ.ആർ.എൽ.എം) പദ്ധതിയുമായി ബന്ധപ്പെട്ടാണിത്. കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുക. ഈ സംസ്ഥാനങ്ങളിലെ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാർ എന്നിവർക്കായി ഒക്ടോബർ 17 മുതൽ 20 വരെയാണ് ത്രിദിന ദേശീയ ശിൽപശാല.

അയൽക്കൂട്ട പ്രവർത്തനങ്ങളെ സംബന്ധിച്ച പൂർണ വിവരങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ രേഖപ്പെടുത്താൻ സാധിക്കുമെന്നതാണ് പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ നേട്ടം. തിരഞ്ഞെടുത്ത റിസോഴ്സ് പേഴ്സൺമാർ മുഖേനയായിരിക്കും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. രണ്ടു വർഷത്തിനുള്ളിൽ ഗ്രാമീണ മേഖലയിലെ എല്ലാ അയൽക്കൂട്ട ഭാരവാഹികളെയും മൊബൈൽ ആപ്ളിക്കേഷൻ പരിശീലിപ്പിച്ചു വിവരങ്ങൾ രേഖപ്പെടുത്താൻ സജ്ജമാക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടമായി തൃശൂർ ജില്ലയിലെ മുല്ലശ്ശേരി ബ്ലോക്കിൽ പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടമായി ജില്ലയിലെ ബാക്കിയുള്ള 15 ബ്ലോക്കുകളിലും കൂടാതെ മറ്റു ജില്ലകളിലെ ഓരോ ബ്ലോക്കിലും ഈ സാമ്പത്തിക വർഷത്തിൽ തന്നെ പദ്ധതി ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. മൂന്നാംഘട്ടത്തിൽ മറ്റു ജില്ലകളിലെ ബാക്കിയുള്ള ബ്ലോക്കുകളിലും പദ്ധതി വ്യാപിപ്പിക്കും.

അയൽക്കൂട്ടം, അതിലെ അംഗങ്ങൾ, ഏരിയ ഡെവലപ്മെൻറ് സൊസൈറ്റി(എ.ഡി.എസ്), കമ്മ്യൂണിറ്റി ഡെവലപ്മെൻറ് സൊസൈറ്റി(സി.ഡി.എസ്) എന്നിവയുടെ പ്രൊഫൈൽ എൻട്രിയാണ് ലോകോസ് മൊബൈൽ ആപ്ളിക്കേഷനിലെ ഒരു വിഭാഗം. ആധാറുമായി ബന്ധപ്പെടുത്തുന്നതിനാൽ ഒരാൾക്ക് ഒന്നിലധികം അയൽക്കൂട്ടങ്ങളിൽ അംഗത്വം നേടുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കുന്നു. സാമ്പത്തിക ഇടപാടുകളുടെ എൻട്രിയാണ് രണ്ടാമത്തേത്. കേരളത്തിൽ ഈ പ്രവർത്തനങ്ങൾക്കായി 50 അയൽക്കൂട്ടങ്ങൾക്ക് ഒരു റിസോഴ്സ് പേഴ്സൺ എന്ന കണക്കിൽ ആകെ 52 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്ക് പ്രത്യേക ഐ.ഡിയും നൽകും.

നിലവിൽ സമ്പാദ്യവും വായ്പാ തിരിച്ചടവും ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും രജിസ്റ്ററിലും നോട്ട് ബുക്കിലും എഴുതി സൂക്ഷിക്കുന്ന പരമ്പരാഗതശൈലി പിന്തുടരുന്ന അയൽക്കൂട്ടങ്ങൾക്ക് പുതിയ മുഖച്ഛായ നൽകുന്നതാണ് പദ്ധതി. മൊബൈൽ ആപ്ളിക്കേഷൻ പരിചിതമാകുന്നതോടെ അയൽക്കൂട്ട പ്രവർത്തനങ്ങളെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും എല്ലാ അംഗങ്ങൾക്കും വിരൽത്തുമ്പിൽ ലഭ്യമാകും എന്നതാണ് പ്രധാന സവിശേഷത. ഓരോ അയൽക്കൂട്ടത്തിൻറെയും ബാങ്ക് അക്കൗണ്ട്, സമ്പാദ്യം, വായ്പ തുടങ്ങി എല്ലാ വിവരങ്ങളും അറിയാൻ കഴിയുമെന്നതും നേട്ടമാണ്. പ്രവർത്തന പുരോഗതി തൽസമയം വിലയിരുത്തന്നതിനും പുതിയ പദ്ധതി ഏറെ സഹായകരമാകും. അയൽക്കൂട്ടത്തിൻറെ സാമ്പത്തിക ക്രയവിക്രയങ്ങൾ സംബന്ധിച്ച കണക്കുകൾ എഴുതി സൂക്ഷിക്കേണ്ടി വരുന്ന ഭാരവാഹികളുടെ ജോലി ഭാരം കുറയ്ക്കാനും പ്രവർത്തനങ്ങൾക്ക് കൂടുതൽ കാര്യക്ഷമതയും സുതാര്യതയും കൈവരുത്താനും ഇതു വഴി സാധിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ് യോഗത്തിന് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് സ്വാഗതം ആശംസിച്ചു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിൻറ് സെക്രട്ടറി നീതാ കേജ്രിവാൾ ആമുഖ പ്രഭാഷണം നടത്തി. കുടുംബശ്രീ ചീഫ് ഫിനാൻസ് ഓഫീസർ കൃഷ്ണ പ്രിയ, എൻ.ആർ.എൽ.എം ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ എ.എസ് ശ്രീകാന്ത്, തൃശൂർ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ് സി നിർമ്മൽ. എന്നിവർ ആശംസാ പ്രസംഗം നടത്തി. എറണാകുളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.ബി പ്രീതി കൃതജ്ഞത അറിയിച്ചു.

Back to top button
error: