KeralaNEWS

നിറഞ്ഞൊഴുകിയ മിഴികളും ന‍ുറുങ്ങിയ ഹൃദയവുമായി പ്രിയ സുഹൃത്തുക്കൾക്ക് യാത്രചൊല്ലി സഹപാഠികൾ; ഗോവിന്ദമൂല ചിറയിൽ മുങ്ങിമരിച്ച അശ്വന്തി​ന്റെയും അശ്വിന്റെയും മൃതദേഹം സംസ്കരിച്ചു

സുൽത്താൻ ബത്തേരി: നെന്മേനി ഗോവിന്ദമൂല ചിറയിൽ മുങ്ങിമരിച്ച ബത്തേരി സർവ്വജന സ്‌കൂൾ വിദ്യാർഥികളായ അശ്വന്ത്, അശ്വിൻ എന്നിവരുടെ മൃതദേഹം സംസ്കരിച്ചു. ഇന്ന‌ലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ കഴിഞ്ഞ് ഇരുവരുടെയും മൃതദേഹങ്ങൾ വിദ്യാലയമുറ്റത്തെത്തിച്ചത്.മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ഹൃദയഭേദകമായ രംഗങ്ങൾക്ക് സ്‌കൂളും പരിസരവും സാക്ഷിയായത്.

പൊതുദർശനത്തിനും മണിക്കൂറുകൾക്ക് മുമ്പ് തന്നെ തങ്ങളുടെ സഹപാഠികളെ അവസാനമായി കാണാൻ കൂട്ടുകാരടക്കമുള്ളവർ സ്‌കൂൾ മുറ്റത്തെത്തിയിരുന്നു. ശക്തമായ മഴയായിരുന്നെങ്കിലും അതെല്ലാം അവഗണിച്ചാണ് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമൊക്കെ കുട്ടികളെ ഒരു നോക്ക് കാണാനായി കാത്തിരുന്നത്. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം കണ്ട് കൂട്ടുകാർ വിങ്ങിപ്പൊട്ടി. സമൂഹത്തിലെ നാനാതുറയിൽപ്പെട്ടവർ അശ്വന്തിനും അശ്വിനും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

Signature-ad

ചൊവ്വാഴ്ചയാണ് ചിറയിൽ കുളിക്കുന്നതിനിടെ ചീരാൽ വെള്ളച്ചാൽ കുറിച്ചിയാട് ശ്രീധരന്റെ മകൻ അശ്വന്ത്(17), കുപ്പാടി കുറ്റിലക്കാട്ട് സുരേഷ് ബാബുവിന്റെ മകൻ അശ്വിൻ(19) എന്നിവർ മുങ്ങി മരിച്ചത്. ബത്തേരി സർവജന സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് ഇരുവരും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നേകാലോടെയായിരുന്നു അപകടം. കുളിക്കുന്നതിനിടെ കുട്ടികൾ ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്നാണ് നിഗമനം. കൂട്ടുകാർ അപകടത്തിൽപ്പെട്ടത് കണ്ട് ഇവരെ രക്ഷിക്കാനായി കരയിലുണ്ടായിരുന്ന കൂട്ടുകാരൻ പ്രണവ് ബെൽറ്റ് ഊരി ഇരുവർക്കും നേരെ നീട്ടിയെങ്കിലും കുട്ടികൾക്ക് അതിൽ പിടിക്കാനായില്ല.

ഉടൻ തന്നെ സമീപത്തുള്ളവരെ വിളിച്ചു കൊണ്ടുവന്നശേഷം വെള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. പിന്നീട് ബത്തേരിയിൽ നിന്നും അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. അഗ്‌നിരക്ഷാ സേനയിലെ സ്‌കൂബാ ടീമിന്റെ തിരച്ചിലിലാണ് രണ്ടു വിദ്യാർഥികളെയും അവശനിലയിൽ കണ്ടെടുത്തത്. കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: