IndiaNEWS

ഒറ്റക്കെട്ടായി ഉത്തരവാദിത്തത്തോടെ മുന്നോട്ട്, കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെയെ വസതിയിൽ സന്ദർശിച്ച് ശശി തരൂർ

ദില്ലി: കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെയെ വസതിയിൽ സന്ദർശിച്ച് ശശി തരൂർ. അഭിനന്ദനം അറിയിക്കാനായാണ് അദ്ദേഹം നേരിട്ട് ദില്ലിയിലെ ഖർഗെയുടെ വസതിയിലെത്തിയത്. കോൺഗ്രസ് പാർട്ടിയുടെ പുനരുജ്ജീവനം തുടങ്ങിയ ദിവസമാണിതെന്ന് തരൂർ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഖർകെയിൽ നിക്ഷിപ്തമായത് വലിയ ഉത്തരവാദിത്തമാണ്. ഒരുമിച്ച് ഒറ്റക്കെട്ടായി ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകും. തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച തരൂർ, കോൺഗ്രസ് പാർട്ടിയുടെ ഉയർത്തെഴുന്നേൽപ്പ് ഇവിടെ തുടങ്ങട്ടെയെന്നും ആശംസിച്ചു.

ആവേശമായി തീർന്ന കോൺഗ്രസ് പ്രസിഡന്റെ തെരഞ്ഞെടുപ്പിൽ 9385 വോട്ടുകളിൽ 7897 ഉം നേടിയാണ് ഖർഗെക്ക് വിജയിച്ചത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചപ്പോൾ 416 വോട്ടുകൾ അസാധുവായി. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടിയെന്നത് ശ്രദ്ധേയമാണ്.

കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഖർഗെയെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് വിശദീകരിച്ച രാഹുൽ ഗാന്ധി, തന്റെ നിർദേശങ്ങൾ പുതിയ അധ്യക്ഷന് ആവശ്യമില്ലെന്നും വ്യക്തമാക്കി. തന്റെ പ്രവർത്തന മണ്ഡലം പുതിയ അധ്യക്ഷനാണ് തീരുമാനിക്കുകയെന്നും രാഹുൽ പറഞ്ഞു.

Back to top button
error: