മൂന്നാര്‍: സസ്പെന്ഷന് കാലാവധി തീരുന്നതിനു മുന്‍പേ പാര്‍ട്ടിയിലേക്കു തന്നെ തിരിച്ചെടുക്കാനുള്ള സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശം എം.എം.മണിയുടെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്ന ഗുരുതര ആരോപണവുമായി മുന്‍ ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എ.രാജയെ തോല്പിക്കാന് ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണു രാജേന്ദ്രനെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തത്.
”നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന കമ്മിറ്റിക്കു ഞാന്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചംഗ കമ്മിഷനെ അന്വേഷണത്തിനായി നിയമിച്ചു. ഞാന്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയ കമ്മിഷന്, സംസ്ഥാന സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്കി. എന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നും അംഗത്വം 7 ദിവസത്തിനകം പുതുക്കി നല്‍കണമെന്നും ജൂണില്‍ ജില്ലാ കമ്മിറ്റിക്കു കോടിയേരി നിര്‍ദേശം നല്കി. എന്നാല്‍, അംഗത്വം പുതുക്കേണ്ട അവസാന ദിവസവും കഴിഞ്ഞ് 9 ാം ദിനമാണ് അംഗത്വഫോം എത്തിച്ചു നല്‍കിയത്. തീയതി കഴിഞ്ഞതിനാല്‍ പാര്‍ട്ടിയിലേക്കു മടങ്ങിയെത്താനുള്ള അവസരം ഇല്ലാതായി. മനഃപൂര്‍വം കത്തു വൈകിപ്പിച്ച് എന്റെ മടങ്ങിവരവ് തടഞ്ഞതിനു പിന്നില്‍ എം.എം.മണിയും മറ്റു ചില നേതാക്കളുമാണു കളിച്ചത്. മണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം എന്നെ നിരന്തരം വേട്ടയാടുകയാണ്.”- രാജേന്ദ്രന് പറഞ്ഞു.
പാര്‍ട്ടിയോടു നന്ദികേടു കാണിച്ച രാജേന്ദ്രനെ തൊഴിലാളികള്‍ കൈകാര്യം ചെയ്യണമെന്നായിരുന്നു കഴിഞ്ഞ ദിവസം എം.എം.മണി എം.എല്‍.എ പറഞ്ഞത്. ഒരു നന്ദിയുമില്ലാത്ത ജന്മമാണു രാജേന്ദ്രന്റേതെന്നും അദ്ദേഹം ഒളിഞ്ഞിരുന്ന് പാര്‍ട്ടിക്കെതിരേ പണിയുകയാണെന്നും മണി പറഞ്ഞു. ”തോട്ടം മേഖലയില്‍ ജനിച്ചു വളര്‍ന്ന എന്നെ കൈകാര്യം ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ നേരിടും. ഭീഷണിക്കു വഴങ്ങി നാടുവിടില്ല.”- എന്നായിരുന്നു രാജേന്ദ്രന്െ്റ തിരിച്ചടി.