ഇലന്തൂരില്‍ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ പരിശോധന തുടരുന്നു, ആറിടങ്ങള്‍ മാര്‍ക്ക് ചെയ്തു
പത്തനംതിട്ട: ഇലന്തൂരില്‍ നരബലി നടത്തിയ ഭഗവല്‍ സിങ്ങിന്റെയും ലൈലയുടെയും വീട്ടിലും പരിസരത്തുമുള്ള പരിശോധന തുടരുന്നു. ആറിടങ്ങള്‍ പോലീസ് മാര്‍ക്ക് ചെയ്തു. പോലീസ് നായ്ക്കളുടെ പരിശോധനയ്ക്കു പിന്നാലെയായിരുന്നു ഇത്.
അതിനിടെ പരിശോധന നടത്തിയതിന്റെ സമീപത്തെ പറമ്പില്‍നിന്ന് ഒരു അസ്ഥിക്കഷണം ലഭിച്ചു. എന്നാല്‍ ഇത് മനുഷ്യന്റേതാണോ അതോ മൃഗത്തിന്റേതാണോ എന്ന് വ്യക്തമല്ല. ഈ അസ്ഥിക്കഷണം ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചു.
രണ്ടുമണിയോടെയാണ് മൂന്നു പ്രതികളുമായി എറണാകുളത്തുനിന്ന് പോലീസ് സംഘം ഇലന്തൂരിലെത്തിയത്. ഭഗവല്‍ സിങ്ങിന്റെയും ലൈലയുടെയും വീടിനുള്ളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. സ്ഥലത്ത് വലിയ പോലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
നരബലിക്കിരയായ പത്മ, റോസ്ലിന്‍ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട അനുബന്ധ തെളിവുകള്‍ ശേഖരിക്കാനാണ് പരിശോധനയെന്നാണ് പോലീസ് വിശദീകരിക്കുന്നതെങ്കിലും സ്ഥലത്ത് മൂന്നാമതൊരു നരബലി നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് പരിശോധനകള്‍ തുടരുന്നത്.
മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായ്ക്കളായ മായയും മര്‍ഫിയെയും ഉപയോഗിച്ചാണ് പരിശോധന. പ്രതികളെ കൃത്യം നടന്ന വീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ വലിയ പ്രതിഷേധമാണുയര്‍ത്തിയത്. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.