കൊച്ചി: സിനിമാ നിര്‍മാതാവിനെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ വിളിച്ചു വരുത്തി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി. നിരവധി സിനിമകളുടെ നിര്‍മാതാവായ തൃശൂര്‍ സ്വദേശിക്കാണ് ഹണി ട്രാപ്പില്‍ പണം നഷ്ടമായത്. 1.70 കോടി രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് പരാതി. ഭീഷണി സഹിക്കാനാവാതെ വന്നതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ക്കെതിരേ തൃശൂര്‍ ഒല്ലൂരില്‍ പോലീസിനു പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. കോട്ടയം കോരുത്തോട് സ്വദേശി റെജി ജോര്‍ജ് മേരിദാസ് (54), കാസര്‍ഗോഡ് സ്വദേശി മൊയ്ദീന്‍, തൃശൂര്‍ ഇഞ്ചക്കുണ്ട് സ്വദേശി ബേബി മാത്യു (60), എറണാകുളം പച്ചാളം സ്വദേശി സാദിഖ് മേത്തലകത്ത് (40), തൃശൂര്‍ വിയ്യൂര്‍ സ്വദേശി അജിനി സണ്ണി (34) എന്നിവര്‍ക്കെതിരെയാണ് പരാതി. ഇതില്‍ യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാള്‍ മുന്‍ ബിസിനസ് പങ്കാളിയുമാണ്.
ഭരണമുന്നണിയിലെ എം.എല്‍.എയുമായി പ്രതികളില്‍ ഒരാള്‍ക്കുള്ള ബന്ധമാണ് കേസെടുക്കാതിരിക്കാന്‍ കാരണമെന്നു പരാതിക്കാരന്‍ പറയുന്നു. പോലീസ് കേസെടുക്കാതെ വന്നതോടെ നിര്‍മാതാവ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. കഴിഞ്ഞ 22ന് കോടതി നടപടികള്‍ക്കു നിര്‍ദേശിച്ചെങ്കിലും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പരാതിക്കാരനു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഒല്ലൂര്‍ പോലീസ് പറഞ്ഞു.
കൊച്ചിയില്‍ ഉള്‍പ്പെടെ നിരവധി ഹോട്ടലുകളുടെ ഉടമയായ സാദിഖ് മേത്തലകത്തിന്റെ രാഷ്ട്രീയ സ്വാധീനമാണ് പോലീസിനെ കേസെടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നതെന്നാണ് വിവരം. കോടതി നിര്‍ദേശിച്ചിട്ടും കേസെടുക്കാത്ത പക്ഷം കോടതി അലക്ഷ്യത്തിനു പരാതിയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പരാതിക്കാരന്റെ അഭിഭാഷക പറഞ്ഞു.
അജിനി സണ്ണിയുടെ പിതാവിന്റെ സുഹൃത്താണ് പരാതിക്കാരനായ നിര്‍മാതാവ്. ഇവരുമായി ദീര്‍ഘകാലമായി പരിചയത്തിലായിരുന്നുവെന്ന് നിര്‍മാതാവ് പറയുന്നു. സ്വന്തം സ്ഥാപനത്തില്‍ ഇവര്‍ ജോലി ചെയ്യുകയും ഈ സമയം പലപ്പോഴായി സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലില്‍ മുറിയെടുത്തു കാണണമെന്നു യുവതി ആവശ്യപ്പെട്ടു. മുറിയിലെത്തിയതും പ്രതികള്‍ ബലമായി ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു.
മാനഭയം മൂലം 1.70 കോടി രൂപ പലപ്പോഴായി പ്രതികള്‍ക്കു നല്‍കി. സാമ്പത്തികമായി തകര്‍ന്നതോടെയാണ് പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. പ്രതികളില്‍ ഒരാളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പൊലീസിനെ സ്വാധീനിക്കുന്നതാണ് കേസെടുക്കാതിരിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.