NEWS

സംഘപരിവാര്‍ സിദ്ധാന്തം ഇന്ത്യയില്‍ നടപ്പാക്കാന്‍ സമ്മിതിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: സംഘപരിവാര്‍ സിദ്ധാന്തം ഇന്ത്യയില്‍ നടപ്പാക്കാന്‍ സമ്മിതിക്കില്ലെന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി കോണ്‍​ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന സംഘ സ്വപ്നങ്ങള്‍ നടക്കില്ല.ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ എന്ന സ്വപ്നവുമായി തീവ്ര ഹിന്ദുത്വവാദികള്‍ ഇറങ്ങിയിരിക്കുകയാണ്. എന്തു വില കൊടുത്തും ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാനുള്ള പുറപ്പാടാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ഔദ്യോഗിക ഭാഷാ പാര്‍ല്ലമെന്റ് സമിതി കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകള്‍ ഹിന്ദിയിലെഴുതണമെന്ന് ശുപാര്‍ശ ചെയ്തത് ഇതിന്റെ ഭാ​ഗമാണെന്ന് മുല്ലപ്പളി വിമര്‍ശിച്ചു.
ഹിന്ദി ഭാഷാ വാദം ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമേറ്റ കനത്ത ആഘാതമാണ്. ഇത് അത്യന്തം അപകടകരമാണ്. ദേശീയ ഐക്യത്തിനും നാനാത്വത്തില്‍ ഏകത്വമെന്ന മൗലിക തത്വങ്ങള്‍ക്കുമെതിരായ തീരുമാനമായേ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ വിലയിരുത്താന്‍ കഴിയുകയുള്ളൂ. ഭാഷാപരമായ ഭ്രാന്ത് ഒരു രാജ്യത്തിന്റെ സാംസ്ക്കാരിക വൈവിധ്യവും സാഹോദര്യവും തകര്‍ക്കുന്ന നീക്കമാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കും. ഒരിക്കലും ഇത് അംഗീകരിക്കില്ലെന്ന് ഉറക്കെ പറയുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

Back to top button
error: