തിരുവനന്തപുരം: ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ശക്തമായ നടപടി മോട്ടോര്‍ വാഹന വകുപ്പ്. ആംബുലന്‍സ് ഡ്രൈവറുടേയും ആസമയം വാഹനം ഓടിച്ച മെയില്‍ നഴ്സിന്റേയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചു.
ശനിയാഴ്ച രാവിലെ വെഞ്ഞാറമൂട്ടിലുണ്ടായ അപകടത്തില്‍ ആംബുലന്‍സ് ഓടിച്ചിരുന്നത് മെയില്‍ നഴ്‌സായ അമല്‍(22) ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആംബുലന്‍സ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പിരപ്പന്‍കോട് സ്വദേശി ഷിബു(35)വാണ് മരിച്ചത്. അപകടത്തില്‍ ഷിബുവിന്റെ മകള്‍ അലംകൃതയ്ക്ക്(നാല്) ഗുരുതരമായി പരുക്കേറ്റിരുന്നു.
അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘം അപകടസ്ഥലം സന്ദര്‍ശിക്കുകയും അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു.
ആംബുലന്‍സ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരമായ കൃത്യവിലോപം ബോധ്യപ്പെട്ടു. അതുകൊണ്ട് തന്നെ ആംബുലന്‍സ് ഡ്രൈവറുടെയും വാഹനം ഓടിച്ച നഴ്സിന്റേയും ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു. മേലില്‍ ഇത്തരം നടപടികള്‍ അവര്‍ത്തിക്കാതെ ഇരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അഡീ. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു