IndiaNEWS

ഓല,ഊബർ,റാപിഡോ ഓട്ടോ ഓൺലൈൻ സർവ്വീസുകൾക്ക് ബെംഗ്ലൂരുവിൽ വിലക്ക്; നിലവിലെ സർവ്വീസുകൾ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കണമെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്

ബെംഗളൂരു: ഓണ്‍ലൈൻ ടാക്സി സര്‍വ്വീസായ ഓലയ്ക്കും, ഊബറിനും ബെംഗളൂരുവിൽ ഓട്ടോറിക്ഷ സര്‍വ്വീസ് നടത്തുന്നതിന് വിലക്ക്. നിലവിൽ നടത്തി കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷാ സര്‍വ്വീസുകൾ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കണമെന്ന് കര്‍ണാടക ഗതാഗതവകുപ്പ് ഉത്തരവിറക്കി. അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കര്‍ണാടക ഗതാഗതവകുപ്പിൻ്റെ നടപടി. ഊബര്‍, ഓല, റാപ്പിഡോ എന്നീ കമ്പനികളോടാണ് തിങ്കളാഴ്ച മുതൽ കര്‍ണാടകയിൽ ഓണ്‍ലൈൻ ത്രീവിലര്‍ സര്‍വ്വീസുകൾ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

“അവർക്ക് ഓട്ടോ ഓടിക്കാൻ അധികാരമില്ല… എന്നിട്ടും അവര്‍ സര്‍വ്വീസ് നടത്തുകയും അമിതമായി നിരക്ക് ഈടാക്കുകയും ചെയ്യുന്നു. ഇതേക്കുറിച്ച് നിരവധി പരാതികളാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. യാത്രക്കാരെ ഇങ്ങനെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാാവില്ല” ബെംഗളൂരു ഗതാഗത അഡീഷണൽ കമ്മീഷണർ ഹേമന്ത കുമാര വാര്‍ത്ത ഏജൻസിയോട് പറഞ്ഞു.

സര്‍വ്വീസ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കാൻ ഒലയും ഊബര്‍ ഇന്ത്യയും തയ്യാറായില്ല. കഴിഞ്ഞ കുറച്ചു കാലമായി തങ്ങളുടെ ഓട്ടോറിക്ഷ സര്‍വ്വീസുകൾക്ക് വലിയ പ്രചാരമാണ് ഊബര്‍ നൽകി വന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിത നിരോധനം വന്നത്. ബെംഗളൂരുവിലെ തങ്ങളുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമല്ലെന്നും നോട്ടീസിന് മറുപടി നൽകുമെന്നും റാപിഡോ പറഞ്ഞു.

സംസ്ഥാന ഗതാഗതവകുപ്പ് നിശ്ചയിച്ച യാത്രാനിരക്കുകൾക്ക് ആനുപാതികമായാണ് ഞങ്ങളും യാത്രാനിരക്ക് തീരുമാനിച്ചിരിരക്കുന്നതെന്ന് റാപ്പിഡോ കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

Back to top button
error: