SportsTRENDING

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനില്‍ വ്യാപക ക്രമക്കേടുകളെന്ന പരാതിയുമായി ഹര്‍ഭജന്‍ സിംഗ്

ചണ്ഡീഗഡ്: പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനില്‍ വ്യാപക ക്രമക്കേടുകളെന്ന പരാതിയുമായി മുന്‍ ഇന്ത്യന്‍ താരവും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ മുഖ്യ ഉപദേശകനുമായ ഹര്‍ഭജന്‍ സിംഗ്. ക്രമക്കേടുകള്‍ ഓരോന്നായി എണ്ണിയെണ്ണിപറഞ്ഞ് അധികൃതര്‍ക്ക് ഹര്‍ഭജന്‍ കത്തയച്ചു. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ പ്രസിഡന്‍റ് ഗുല്‍സരീന്ദര്‍ സിംഗ് കാണിക്കുന്ന ക്രമക്കേടുകളാണ് ഹര്‍ഭജന്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇടപെടണമെന്നാണ് അധികൃതര്‍ക്കും അംഗങ്ങള്‍ക്കും എഴുതിയ കത്തില്‍ ഹര്‍ഭജന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസിഡന്‍റിനെതിരെ കഴിഞ്ഞ 10 ദിവസമായി ക്രിക്കറ്റ് ആരാധകരില്‍ നിന്നും അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും നിരവധി പരാതികളാണ് തനിക്ക് ലഭിച്ചതെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

പ്രസിഡന്‍റിന്‍റെ നേത്വത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അത് ക്രിക്കറ്റ് ഭരണത്തിന്‍റെ സുതാര്യതക്ക് എതിരാണെന്നും രാജ്യസഭാംഗം കൂടിയായി ഹര്‍ഭജന്‍ പറഞ്ഞു. പ്രിസഡന്‍റിനെതിരെ ഒംബുഡ്സ്മാനും പരാതി ലഭിച്ചിട്ടുണ്ടെന്ന് താന്‍ ഇന്നലെയാണ് അറിഞ്ഞതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Signature-ad

അധികാരം നിലനിര്‍ത്താനായി പ്രസിഡന്‍റ് 150 ഓളം പേര്‍ക്ക് വോട്ടവകശാത്തോടെ അംഗത്വം നല്‍കാന്‍ ശ്രമിക്കുന്നുവെന്നതാണ് ആരോപണത്തിന്‍റെ കാതലെന്നും ഇതിന് അപെക്സ് കൗണ്‍സിലിന്‍റെയോ ജനറല്‍ ബോഡിയുടെയോ അംഗീകാരമില്ലെന്നും ഇതെല്ലാം ബിസിസിഐ ഭരണഘടനക്ക് വിരുദ്ധമാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ക്രമക്കേടുകള്‍ ഒളിപ്പിച്ചുവെക്കാനായി അസോസിയേഷന്‍റെ ഔദ്യോഗിക യോഗം പോലും വിളിക്കുന്നില്ലെന്നും ഹര്‍ഭജന്‍ സിംഗ് കത്തില്‍ പറയുന്നു.ഈ മാസം ബിസിസിഐ ജനറല്‍ ബോഡി യോഗം നടക്കാനിരിക്കെയാണ് ഹര്‍ഭജന്‍റെ കത്ത് പുറത്തുവന്നിരിക്കുന്നത്.

പഞ്ചാബിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള ഹര്‍ഭജന്‍ 2007ലെ ടി20 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഹര്‍ഭജന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്ത്യക്കായി 103 ടെസ്റ്റിലും 236 ഏകദിനങ്ങളിലും 28 ടി20 മത്സരങ്ങളിലും ഹര്‍ഭജന്‍ സിംഗ് കളിച്ചിട്ടുണ്ട്.

Back to top button
error: