റിയാദ്: സൗദി അറേബ്യയിലെ ബുറൈദക്കടുത്ത് അൽറാസ് നബ്ഹാനിയയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.
മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (23) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്. റിയാദിന് സമീപം ഹുറൈംലയിൽ ജോലി ചെയ്യുന്ന ഇവർ കുടുംബ സമ്മേതം വ്യാഴാഴ്ച രാത്രി മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ടതായിരുന്നു. ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബങ്ങളും ഹുസൈനും ഡ്രൈവറുമുൾപ്പടെ 12 പേർ വാനിൽ ഉണ്ടായിരുന്നതായാണ് വിവരം.
കുടങ്ങയം സ്വദേശി ഫാത്തിമ സുഹ്റ(36), വെള്ളേകത്ത് ആയിശ നൗറിൻ(6), വെള്ളേകത്ത് ഹിബ നസ്റിൻ (8), വെള്ളേകത്ത് മുഹമ്മദ് ഹിഷാം(12), തറമ്മൽ ഹബീബ(34) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് പ്രാഥമിക ചികിത്സനൽകി വിട്ടയച്ചു. ഇഖ്ബാലിന്റെ ഭാര്യാ സഹോദരനാണ് മരിച്ച ഹുസ്സൈൻ.
ഹുറൈംലയിൽ വർക്ക്ഷോപ്പ് നടത്തുകയായിരുന്നു ഇഖ്ബാൽ.