IndiaNEWS

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിൽ ശശിതരൂരിന് സ്വീകാര്യത ഏറുന്നു, സോണിയക്കും പ്രിയങ്കക്കും രാഹുലിനും എതിർപ്പില്ല; പക്ഷെ പാരയുമായി കെ.സി വേണുഗോപാൽ

കോണ്‍ഗ്രസ്സ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശശി തരൂരിനെ ഫോണില്‍ വിളിച്ച്‌ രാഹുല്‍ ഗാന്ധിയും പിന്തുണ അറിയിച്ചപ്പോൾ ഉറക്കം നഷ്ടപ്പെട്ടത് കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് . പ്രത്യേകിച്ച്‌ സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിന്. എഐസിസി അധ്യക്ഷനായി തരൂര്‍ എത്തിയാല്‍ സ്ഥാനം പോകുമെന്ന ഭയമാണ് കാരണം.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രിയങ്കയും മത്സരത്തില്‍ ശശി തരൂരിന് പൂര്‍ണ്ണ പിന്തുണയാണ് വാഗ്ദാനം ചെയ്യുന്നത്. ആരേയും പരസ്യമായി പിന്തുണയ്ക്കില്ലെന്നും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും തരൂരിനോട് രാഹുല്‍ ഗാന്ധിയും പറഞ്ഞു. എന്നാൽ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അശോക് ഗലോട്ടിനെ അടക്കം മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നത് കെ സി വേണുഗോപാല്‍ ആണെന്ന അന്തർ നാടകം പുറത്തായി.

കോണ്‍ഗ്രസിന് നിലവില്‍ ഭരണമുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍. വീണ്ടും അധികാരത്തില്‍ എത്താന്‍ സാധ്യതയുള്ള സ്ഥലം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങളുള്ളപ്പോഴാണ് ഗലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും മുഖ്യമന്ത്രിയായി പുതിയൊരാളെ എത്തിക്കാനുമുള്ള നീക്കം നടത്തിയത്.

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ അത് എതിര്‍ക്കേണ്ടതില്ലെന്ന് ഗാന്ധി കുടുംബവും തീരുമാനം എടുത്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായി താന്‍ അഗ്രഹിക്കുന്നവര്‍ വരണമെന്ന കടുംപിടിത്തമാണ് ഗലോട്ടിനുള്ളത്. 82 എംഎല്‍എമാരുടെ പിന്തുണയോടെ സച്ചിന്‍ പൈലറ്റിനെ എതിര്‍ക്കുകയും ചെയ്തു. ഇതോടെ രാജസ്ഥാനിൽ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലായി. എന്തിനാണ് ഈ സാഹചര്യമുണ്ടാക്കിയതെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല.

ഈ നിഗൂഡ നീക്കൾക്കു പിന്നില്‍ ഹൈക്കമാണ്ടില്‍ സ്വാധീനമുള്ള കെ.സി വേണുഗോപാലാണ് എന്നാണ് പിന്നാമ്പുറ വാർത്ത. തരൂര്‍ എഐസിസി അധ്യക്ഷനായാല്‍ സ്ഥാനം പോകുമെന്ന് ഭയമുണ്ട് വേണുഗോപാലാലിന്. തരൂരിന് ഗാന്ധി കുടുംബത്തിന്റെ പിന്തുണയില്ലെന്ന് വരുത്താനും കേരളത്തില്‍ നിന്ന് പോലും വോട്ട് കിട്ടാതിരിക്കാനും കളികള്‍ നടത്തി. ഇതില്‍ വീണ ചിലര്‍ തരൂരിനെ പരസ്യമായി തള്ളി പറയുകയും ചെയ്തു.

ഇതിനിടെയാണ് പാലക്കാട്ടെ ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ തരൂര്‍ പറന്നെത്തിയത്. തരൂരിനോട് ഫോണില്‍ സംസാരിക്കണമെന്ന് രാഹുല്‍ പറഞ്ഞപ്പോഴായിരുന്നു തരൂരിന്റെ നേരിട്ടുള്ള വരവ്. ഇതോടെ ഗാന്ധി കുടുംബം തരൂരിന് എതിരല്ലെന്ന സന്ദേശമാണ് കേരളത്തില്‍ വച്ചു തന്നെ രാഹുല്‍ നല്‍കുന്നത്.

സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും തരൂരിനോട് പൂര്‍ണ്ണ തൃപ്തിയാണെന്നതാണ് വസ്തുത. തനിക്ക് പിണക്കമില്ലെന്ന സന്ദേശം പാലക്കാട്ടെ ചര്‍ച്ചയിലൂടെ രാഹുല്‍ നല്‍കുന്നു. എന്നാല്‍ ദേശീയ തലത്തില്‍ രാഹുലിന്റെ വിശ്വസ്തന്‍ എന്ന് നടിക്കുന്നവര്‍ തരൂരിനെതീരെ രഹസ്യ നീക്കങ്ങൾ നടത്തുന്നു. ഗലോട്ടിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം വന്നതോടെ ദിഗ് വിജയ് സിംഗിനേയോ മുകള്‍ വാസ്‌നിക്കിനേയോ മത്സരിപ്പിക്കാനും കരുക്കള്‍ നീക്കുന്നു. ഇവരെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാനാണ് തരൂരിനെ ഭയക്കുന്ന കെ സി വേണുഗോപാൽ നീക്കം.

ജി 23 പ്രതിനിധിയായ മനീഷ് തിവാരിയെ മൂന്നാം സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ചതും കെ സിയാണത്രേ. എന്നാല്‍ മനീഷ് ആ കെണിയില്‍ വീണില്ല. മനീഷ് തിവാരി മത്സരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ഒഴിവാകും എന്ന അവസ്ഥയുമുണ്ട്. എന്നാല്‍ ഇതൊഴിവാക്കി തരൂരിനെ തോല്‍പ്പിച്ച്‌ മറ്റൊരാളെ അധ്യക്ഷനാക്കാനാണ് കളി നടക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ ശശി തരൂര്‍ പാലക്കാട് എത്തിയത് പാരവയ്‌പ്പുകാരെ ഞെട്ടിച്ചിട്ടുണ്ട്.

Back to top button
error: