Breaking NewsNEWS

കാട്ടാക്കട ആക്രമണം: സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി കേസ്

തിരുവനന്തപുരം: കാട്ടാക്കട ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ്. മര്‍ദനത്തിന് ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരുന്നത്.

ഇന്നലെയാണ് കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മകളുടെ കണ്‍സഷന്‍ ടിക്കറ്റ് എടുക്കാന്‍ വന്ന പിതാവിനെ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചത്. പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചല്‍ സ്വദേശി പ്രേമനനാണ് മര്‍ദനമേറ്റത്

പ്രേമനന്റെ മകള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. മകളും സുഹൃത്തും പ്രേമനനൊപ്പമുണ്ടായിരുന്നു. കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറില്‍ ഇരുന്ന ജീവനക്കാരന്‍ ആവശ്യപ്പെട്ടു. കോഴ്സ് സര്‍ട്ടിഫിക്കറ്റ് നേരത്തെ നല്‍കിയതാണെന്ന് പ്രേമനന്‍ പറഞ്ഞു. എന്നാല്‍, കോഴ്സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കാതെ കണ്‍സഷന്‍ തരാന്‍ കഴിയില്ലെന്നായിരുന്നു ജീവനക്കാരുടെ വാദം.

ആളുകളെ എന്തിനാണ് വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും കെ.എസ്.ആര്‍.ടി.സി ഇങ്ങനെയാകാന്‍ കാരണം ഇത്തരം പ്രവൃത്തികളാണെന്നും പ്രേമനന്‍ പറഞ്ഞതോടെ തര്‍ക്കമായി. തുടര്‍ന്ന് ജീവനക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും പ്രേമലനെ വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള മുറിയിലിട്ട് മര്‍ദിക്കുകയായിരുന്നു. പ്രേമനന്‍ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Back to top button
error: