NEWS

തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്ക്; നഷ്ടപരിഹാരവും നല്‍കണം

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചവർക്കോ പരിക്കേറ്റവരുടെയോ കുടുംബത്തിനു നഗരസഭ/പഞ്ചായത്ത് നഷ്ടപരിഹാരം നല്‍കണം.മരിച്ചവരുടെ കുടുംബത്തിനു മാത്രമല്ല തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്കും തദ്ദേശസ്ഥാപനങ്ങളില്‍നിന്നു നഷ്ടപരിഹാരം ലഭിക്കും.

സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം 2016 മുതല്‍ ജസ്റ്റിസ് എസ്.സിരിജഗന്‍ അധ്യക്ഷനായി ഇത്തരമൊരു സമിതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇക്കാര്യം അറിയില്ല.
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കമ്മിഷന്‍ സംബന്ധിച്ച വിവരവും അപേക്ഷ നല്‍കേണ്ട വിലാസവും എഴുതിച്ചേര്‍ത്ത ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കുന്നുമില്ല.കേരളത്തില്‍ ഓരോ വര്‍ഷവും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണു സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു 2016 ല്‍ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത്.

ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയില്‍ ഉള്ളത്.അതേസമയം വളര്‍ത്തുനായ്ക്കള്‍ മൂലമുള്ള കടിയേല്‍ക്കല്‍ കമ്മിഷന്റെ പരിധിയില്‍ വരില്ല.തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്നതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും അവര്‍ തന്നെയാണ്.കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം, ചികിത്സാ സൗകര്യം, തെരുവുനായ് വന്ധ്യംകരണത്തിലെ പുരോഗതി എന്നിവയാണ് കമ്മിഷന്റെ പരിധിയില്‍ വരുന്നത്.

ഇതിനായി അപേക്ഷ നല്‍കല്‍ വളരെ എളുപ്പമാണ്. വെള്ളക്കടലാസില്‍ എഴുതി നല്‍കിയാല്‍ മതി.ചികിത്സാ സംബന്ധിച്ച രേഖകളും അയയ്ക്കണം. നായ്ക്കള്‍ കുറുകെ ചാടി വാഹനത്തിന് തകരാര്‍ വന്നിട്ടുണ്ടെങ്കില്‍ റിപ്പയര്‍ ചെയ്ത വിവരങ്ങളും ബില്ലും കൈമാറണം.എന്നാല്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് കമ്ബനി വഴി നഷ്ടപരിഹാരം ലഭിച്ചെങ്കില്‍ ഇവിടെനിന്നു കിട്ടില്ല.നായയുടെ കടിയേറ്റ വ്യക്തിയില്‍നിന്ന് പരാതികള്‍ ലഭിച്ചാല്‍ സംഭവത്തില്‍ തദ്ദേശസ്ഥാപനങ്ങളോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടും.ഒപ്പംതന്നെ സര്‍ക്കാരിനെയും അറിയിക്കും.

Signature-ad

കടിയുടെ ഗൗരവം, ചികിത്സ ഉള്‍പ്പെടെ പരിഗണിച്ചാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. അതിനുശേഷം തദ്ദേശസ്ഥാപന പ്രതിനിധിയെയും നായ്കടിച്ച വ്യക്തിയെയും ഹിയറിങ്ങിന് വിളിക്കും. ഇരുവരുടെയും ഭാഗം കേട്ട ശേഷം നഷ്ടപരിഹാരം എത്ര നല്‍കണമെന്നതു സംബന്ധിച്ച്‌ സുപ്രീം കോടതിക്കു റിപ്പോര്‍ട്ട് കൈമാറും.സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് തദ്ദേശസ്ഥാപനങ്ങളോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം നല്‍കുക.ഇതിനായി അപേക്ഷ നല്‍കേണ്ട വിലാസം: ജസ്റ്റിസ് (റിട്ട) എസ്.സിരിജഗന്‍ കമ്മിറ്റി, യുപിഎഡി ഓഫിസ് ബില്‍ഡിങ്, പരമാറ റോഡ്, കൊച്ചി, എറണാകുളം- 682018

 

 

നായയുടെ കടിയേറ്റു മരിച്ച കേസുകളില്‍ ലക്ഷങ്ങളായിരിക്കും തദ്ദേശസ്ഥാപനങ്ങള്‍ ഇങ്ങനെ നഷ്ടപരിഹാരമായി നല്‍കേണ്ടി വരിക.കമ്മിഷന്‍ ഉത്തരവ് അന്തിമമാണെന്നതിനാല്‍ തുക കൈമാറാതെ കഴിയില്ല.വൈകിയാല്‍ പലിശയും കൊടുക്കണം.പാലക്കാട് കുളപ്പുള്ളി പാതയില്‍, പാലപ്പുറം എന്‍എസ്‌എസ് കോളജിനു സമീപം നടന്ന അപകടത്തില്‍ വസ്ത്ര വ്യാപാരി ഈസ്റ്റ് ഒറ്റപ്പാലം കുന്നത്ത് സെയ്തലവിയുടെ കുടുംബത്തിന് 18.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കമ്മിഷന്‍ ഉത്തരവ്.എന്നാല്‍ വൈകിയതോടെ പലിശ ഉള്‍പ്പെടെ 24.11 ലക്ഷം രൂപ കൈമാറേണ്ടിവന്നു

Back to top button
error: