കോട്ടയം: ഗൃഹനാഥനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട ഗുണ്ടയെ പോലീസ് പിടികൂടി. ഏറ്റുമാനൂര്‍ തെള്ളകം വലിയവീട്ടില്‍ ബുധലാല്‍ വി.ജോസിനെ (23)യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം ഒളശ്ശ സ്വദേശിയായ ജോസഫ് മാത്യുവിനെ് വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിയ കേസിലെ പ്രതിയാണിയാള്‍. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബെംഗളൂരുവിലെ സായ്നഗറിലുള്ള വാടകവീട്ടില്‍നിന്ന് പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ഇയാള്‍ വീടിന്റെ മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ കയറി ഒളിക്കുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.
ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. ജില്ലയിലെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍. കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിലും കൂടാതെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്റ്റേഷനിലും അടിപിടി, സംഘം ചേര്‍ന്ന് ആക്രമിക്കുക, വധശ്രമം തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്. എസ്.ഐ. മാരായ അനുരാജ്, അജിത്ത് സി.പി.ഒമാരായ പ്രതീഷ് രാജ്, ജയന്‍, വിപിന്‍, ബൈജു, ശ്രാവണ്‍, നിതാന്ത് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.