മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 101 പവന്‍ സ്വര്‍ണം പിടികൂടി. ബഹ്‌റൈനില്‍ നിന്നുള്ള ഐ.എക്‌സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാന്‍ വട്ടംപ്പൊയ്യിലി(29)നെയാണ് കസ്റ്റംസ് പിടികൂടിയത്.
എക്‌സ്‌റേ പരിശോധനയില്‍ ഇയാളുടെ മലദ്വാരത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാംപ്‌സൂളുകളായാണ് 808 ഗ്രാം സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
അതിനിടെ, കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനില്‍നിന്ന് സ്വര്‍ണം പിടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍നിന്ന് ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് മേല്‍പ്പറമ്പ് സ്വദേശി എം.വി. ഹുസൈനി(42)ല്‍ നിന്നാണ് 50 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം എയര്‍പോര്‍ട്ട് പോലീസ് പിടിച്ചത്. ഇയാളുടെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഒരുകിലോയിലധികം സ്വര്‍ണം.
പെട്ടിയുടെ അരികുവശത്തുള്ള ഇരുമ്പുപട്ടയുടെ രൂപത്തിലാണ് മെര്‍ക്കുറി പുരട്ടിയ സ്വര്‍ണം കണ്ടെടുത്തത്. കഴിഞ്ഞദിവസം കോഴിക്കോട് സ്വദേശിയില്‍നിന്ന് 44 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍പോര്‍ട്ട് പോലീസ് പിടികൂടിയിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ, സംശയം തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയെയും സ്വര്‍ണവും തുടര്‍നടപടികള്‍ക്കായി കസ്റ്റംസിന് കൈമാറി. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇത് നാലാംതവണയാണ് കസ്റ്റംസിനെ വെട്ടിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം പോലീസ് പിടിക്കുന്നത്.