ഡഹ്റാഡൂണ്‍: അത്താഴമുണ്ടാക്കാതിരുന്ന ഭാര്യയെ വയോധികന് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഡഹ്റാഡൂണ്‍ ദാലന്‍വാല സ്വദേശിയും ഹോട്ടലുടമയുമായ രാംസിങ്ങാ(72)ണ് ഭാര്യ ഉഷാദേവി(53)യെ കൊലപ്പെടുത്തിയത്.
അടിയേറ്റ് ബോധരഹിതയായ ഭാര്യയെ ഇയാള്‍ തന്നെയാണ് ആംബുലന്‍സ് വിളിച്ച് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ഗോവണിയില്‍നിന്ന് വീണതാണെന്നായിരുന്നു പ്രതി ആദ്യം നല്കിയ മൊഴി. പോലീസ് വിശദമായി ചോദ്യംചെയ്തതോടെ ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തി.
രാംസിങ്ങിന്റെ ആദ്യഭാര്യയും രണ്ടു മക്കളും വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് 14 വയസുള്ള കൊച്ചുമകനും ഭാര്യയ്ക്കുമൊപ്പം ബല്‍ബീര്‍ റോഡിലെ വീട്ടിലായിരുന്നു താമസം.
ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്നാണു പോലീസ് നല്‍കുന്നവിവരം. ഭാര്യ വീട്ടിലെ ജോലികളൊന്നും ചെയ്യാതിരുന്നതാണ് രാംസിങ്ങിനെ ചൊടിപ്പിച്ചിരുന്നത്. ഭക്ഷണം ഉണ്ടാക്കാതിരിക്കുന്നതും വഴക്കിന് കാരണമായി. കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ രാംസിങ് അത്താഴത്തിന് എന്താണുള്ളതെന്ന് ഭാര്യയോട് ചോദിച്ചു. എന്നാല്‍, താന്‍ ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി. പിന്നാലെ ഉഷാദേവി കിടപ്പുമുറിയിലേക്ക് ഉറങ്ങാന്‍ പോയി. ഇതിനിടെയാണ് ക്രിക്കറ്റ് ബാറ്റുമായെത്തിയ രാംസിങ് ഉറങ്ങുകയായിരുന്ന ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ഉഷാദേവിയുടെ ആദ്യവിവാഹത്തിലുള്ള മകന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. എന്നാല്‍, വിവാഹത്തിന് ശേഷമാണ് രാംസിങ് ഇക്കാര്യമറിയുന്നത്. ഇതും ദമ്പതിമാര്‍ക്കിടയിലെ വഴക്കിന് കാരണമായിരുന്നതായും പോലീസ് പറഞ്ഞു.