കൊച്ചി: മസാല ബോണ്ട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിനെതിരെ തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി ഇടപെടൽ. മസാല ബോണ്ട് കേസിൽ ഇ ഡി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 23ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ തോമസ് ഐസക് അടക്കമുള്ളവർക്ക് എതിരെ മറ്റ് നടപടി ഉണ്ടാകില്ലെന്നു ഇ ഡി കോടതിയെ അറിയിച്ചു.
താൻ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് ഹർജിയിൽ ചൂണ്ടികാട്ടിയത്. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നാണ് കിഫ്ബി ഹർജിയിൽ ചൂണ്ടികാട്ടിയത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും റിസർവ് ബാങ്കിനാണെന്നും കിഫ്ബി വാദിച്ചു.
സംശയകരമായ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് സമൻസ് അയച്ചതെന്നും സംശയമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ അധികാരം ഉണ്ടെന്നു ഇ ഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. സമൻസിന്മേലുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന കിഫ്ബി ആവശ്യം കോടതി ഇതുവരെ അംഗീകരിച്ചിട്ടില്ല.