ഇന്ത്യാക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് താലി മീൽസ്.നമ്മുടെ സദ്യയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാകില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും നമ്മുടെ സദ്യയ്ക്കു സമാനമായ ഭക്ഷണവിഭവങ്ങള്‍ കാണാനാകും.ചോറും ചപ്പാത്തിയും പരിപ്പും സാമ്പാറും തോരനും പപ്പടവും ഒക്കെയായി പാത്രം നിറയെ വിഭവങ്ങളായിരിക്കും.ഇത്തരം മീൽസിനെയാണ് താലി മീല്‍സ് എന്ന് പറയപ്പെടുന്നത്.ഇന്ത്യാക്കാരുടെ ഏറ്റവും പ്രിയ ഉച്ചഭക്ഷണം ഇതാണെന്നാണ് ഒരു സ്വകാര്യ ഏജൻസി നടത്തിയ റിപ്പോർട്ടിൽ പറയുന്നത്.അതേസമയം രാത്രിയിൽ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ബിരിയാണിയാണ്.
പഞ്ചാബി താലി
തൂവെള്ള നിറത്തിലുള്ള ചോറ്, രാജ്മ പയര്‍, പനീര്‍, ചപ്പാത്തിക്ക് പകരം വിളമ്പുന്ന ബട്ടര്‍ നാന്‍ എന്നറിയപ്പെടുന്ന റൊട്ടി, ദാല്‍ മകാനി, ആലൂ കുല്‍ച്ച, ബട്ടര്‍ ചിക്കന്‍, മക്കെ കി റൊട്ടി, സര്‍സോണ്‍ കാ സാഗ്, ഇങ്ങനെ നീളുന്നു പഞ്ചാബി താലി. ഇതിനോടൊപ്പം ഒരു ഗ്ലാസ് ലസ്സിയും ലഭിക്കും.
രാജസ്ഥാൻ താലി
പച്ചരി ചോറിനൊപ്പം ഗട്ടെ സെ സബ്‌സി, ഖേര്‍ സംഗ്രി, കചൗരി, ദാല്‍ ബട്ടി ചുര്‍മ, ഗേവര്‍ തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാകും.
ഗുജറാത്തി താലി
ഗുജറാത്തികള്‍ ധാരാളം മധുരം ഉപയോഗിക്കുന്ന കൂട്ടത്തിലാണ്. തെപ്ല, കാണ്ട്‌വി, പുരന്‍പൊലി, ദാല്‍ ദൊക്‌ളി, ചെവ്‌ദോദ്, കമാം, തുടങ്ങിയ നമ്മള്‍ കേട്ടിട്ടില്ലാത്ത വിഭവങ്ങള്‍ ധാരാളമായി ചോറിനൊപ്പം ഇവിടെ കാണാം.
മഹാരാഷ്ട്ര താലി
ഭക്ഷണത്തില്‍ ധാരാളം എരിവ് ചേര്‍ക്കാന്‍ മഹാരാഷ്ട്രക്കാര്‍ക്ക് ഒരുപാടിഷ്ടമാണ്. താലിയില്‍ വിളമ്പുന്ന അച്ചാറുകള്‍ ഇതിന് തെളിവാണ്. ചില ഹോട്ടലുകളില്‍ ബജിയും ലഭിക്കാറുണ്ട്. മത്സ്യ, ചിക്കന്‍, പച്ചക്കറി മുളക് എന്നിവയുടെ ബജികളാണ് ലഭിക്കുക. ചോറിനെക്കാൾ കൂടുതൽ ചപ്പാത്തിയും റൊട്ടിയുമൊക്കെയാണ് ഇവിടുത്തെ താലികളിൽ കാണപ്പെടുന്നത്.
ബംഗാളി താലി
മധുരവും എരിവും ചേരുന്നതാണ് ബംഗാളികളുടെ ഇഷ്ടരുചി. അവരുടെ താലി മീല്‍സില്‍ മീനിന് നല്ല പ്രാധാന്യമുണ്ട്. ആട്ടിറച്ചിക്കും തുല്യപ്രാധാന്യമുണ്ടെന്ന് പറയാം. ആലൂ ഭാജ, കുംറോ ഭാജ, പോടോള്‍ ഭാജ, ദാല്‍, ചട്‌നി, പയേഷ് തുടങ്ങിയവ പരമ്പരാഗത ബംഗാളി തളിയില്‍ ഇടംപിടിക്കാറുണ്ട്. കഴിഞ്ഞില്ല, നാവില്‍ വെള്ളമൂറുന്ന സൗന്തേഷ്, രസഗുള, മിഷ്ടി ധോയ് തുടങ്ങിയവയും ചോദിച്ചു വാങ്ങുക.
ഗോവൻ താലി
പുളിങ്കറിയാണ് ഗോവന്‍ താലിയിലെ പ്രധാനി. ചോറും കൂട്ടുകറികളും അച്ചാറും പപ്പടവുമൊക്കെയുണ്ടാകും. പഴ ഹല്‍വയും പ്രത്യേക വിഭവമാണ്. തീരദേശ മേഖലയായിതിനാല്‍ കടല്‍വിഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഒരു താലിയാണ് ഗോവയിലേത്.
ആസാമീസ് താലി
പച്ച പപ്പായ ഉപയോഗിച്ച് തയ്യാറാക്കുന്ന കറിയില്ലാതെ ആസാമിലെ താലിപൂര്‍ണമാകില്ല. ഉണങ്ങിയ പഴത്തൊലി പൊടിച്ചതും പയര്‍ വര്‍ഗങ്ങളും ഈ കറിയില്‍ ചേരും. മീന്‍ വിഭവം, ഇറച്ചി, കടുകെണ്ണയില്‍ തയ്യാറാക്കിയ ചോറ്, ഉള്ളി, മുളക്, പച്ചക്കറികള്‍, അച്ചാറുകള്‍ തുടങ്ങിയവ തളിയിലെ പ്രധാനികളാണ്. എരിവില്ലാത്ത മീന്‍കറിയും ലഭിക്കും. ചെറിയ മധുരവും പുളിപ്പും ഈ കറിക്കുണ്ടാകും.
മണിപ്പൂരി താലി
മത്സ്യം, പച്ചക്കറികള്‍, ചോറ് എന്നിവ ഉള്‍പ്പെടുത്തിയുള്ള താലിയാണ് മണിപ്പൂരില്‍ കാണാന്‍ സാധിക്കുന്നത്. മെയ്തീ എന്നാണ് തദ്ദേശീയര്‍ ഈ താലിയെ വിളിക്കുന്നത്. ചാരങ് എന്നറിയപ്പെടുന്ന മീന്‍ കറി, കടല കറി, ഗ്രീന്‍പീസ് കറി, വഴുതനയും മീനെണ്ണയും ചേര്‍ത്ത് തയ്യാറാക്കുന്ന മനിക്ക, ചാക് ഹാവോ ഖീര്‍ തുടങ്ങിയവ ഇവിടുത്തെ പ്രധാന വിഭവങ്ങളാണ്.