കട്ടപ്പന: വീട്ടമ്മ പാഴ്‌സലായി വാങ്ങിയ ഭക്ഷണത്തില്‍ പുഴുവിനെയും പാറ്റയെയും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹോട്ടലിന് താഴുവീണു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടല്‍ പൂട്ടിച്ചത്.
കട്ടപ്പന മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്നും ഞായറാഴ്ചയാണ് മേട്ടുക്കുഴി സ്വദേശിയായ വീട്ടമ്മ പൊറോട്ട വാങ്ങിയത്. ഇതിനൊപ്പം കറിയായി സാമ്പാര്‍ ആണ് നല്‍കിയത്. വീട്ടിലെത്തിയശേഷം വീട്ടമ്മയും രണ്ടും മൂന്നും വയസുള്ള മക്കളുമൊത്താണ് ഭക്ഷണം കഴിച്ചുതുടങ്ങിയത്.
ഇതിനിടെ സാമ്പാറില്‍ ചത്ത പുഴു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ വിശദമായി പരിശോധിച്ചപ്പോഴാണ് പാറ്റയെയും കണ്ടെത്തിയത്. സാമ്പാര്‍ കഴിച്ച കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് കുടുംബം ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇ-മെയിലായി പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ ആന്‍മേരി ജോണ്‍സനും സംഘവും തിങ്കളാഴ്ച ഹോട്ടലില്‍ പരിശോധന നടത്തി. അടുക്കള ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നത് വൃത്തിയോടെയല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിനെതിരെ നടപടിയെടുത്തത്.