രണ്ട് പതിറ്റാണ്ട് മുമ്പത്തെ ഗുജറാത്ത് കലാപം.രാധികാപൂർ ഗ്രാമത്തിൽ ഒരു മുസ്ലീം കോളനിക്ക് നേരെ വർഗീയവാദികൾ ആക്രമണം അഴിച്ചുവിട്ടു. അഞ്ചുമാസം ഗർഭിണിയായ ബിൽക്കിസിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നു. ഒപ്പം അമ്മയെയും. ബിൽക്കിസിന്റെ മുന്നിൽ വച്ചാണ് മകൾ സലേഖയെ നിലത്തടിച്ചു കൊന്നത്.
കുടുംബാംഗങ്ങൾ ഉൾപ്പെടെ എട്ടുപേരുടെ മൃതദേഹം ബിൽക്കിസ് കണ്ണ് തുറന്നപ്പോൾ കണ്ടു. കൂടെയുണ്ടായിരുന്ന ആറ് പേര് എവിടെയാണെന്ന് ഇന്നും അറിയില്ല. ബിൽക്കിസ് ഉൾപ്പെടെ ആകെ മൂന്ന് പേരാണ് ക്രൂരമായ താണ്ഡവത്തെ അതിജീവിച്ചത്. ആക്രമണത്തിന് ശേഷം മൂന്നു മണിക്കൂർ കഴിഞ്ഞ് ബോധം വീണ്ടെടുത്ത ബിൽക്കിസ് ഒരു ആദിവാസി സ്ത്രീയുടെ വസ്ത്രം കടം വാങ്ങിയാണ് പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ പോയത്.
ബിൽക്കിസ് എന്തുകൊണ്ട് വീണ്ടും വാർത്തയാകുന്നു…. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെ ഇളവ് നൽകി ഗുജറാത്ത് സർക്കാർ വിട്ടയച്ചു. അവർക്ക് നാടുമുഴുവൻ സ്വീകരണവും…. വിട്ടയയ്ക്കാനുള്ള ശുപാർശ നൽകിയ കമ്മിറ്റി അംഗങ്ങളായിരുന്നവരിൽ ഒരാൾ ബിജെപി എംഎൽഎ…. പതിറ്റാണ്ടുകൾ നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിൽ സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരത്തിന്റെ ഭാഗമായുള്ള ജോലിയും വീടും ഇനിയും ഗുജറാത്ത് സർക്കാർ ബിൽക്കിസിന് നൽകിയിട്ടില്ല എന്നതും ഓർക്കണം.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ജയിലിൽ കഴിഞ്ഞ 11 പ്രതികളെ ഗുജറാത്ത് സർക്കാർ മാപ്പ് നൽകി സ്വതന്ത്രരാക്കിയത്.