LIFESocial Media

”കേന്ദ്ര ബോര്‍ഡ് കത്രികവച്ചു; രാമസിംഹന്‍ വേദനയോടെ അംഗീകരിച്ചു; വീണ്ടും വെട്ടിനിരത്തല്‍ വേണമത്രെ; പുഴമുതല്‍ പുഴുവരെയുടെ സെന്‍സറിങ്ങിനെതിരേ ടി ജി മോഹന്‍ദാസ്

കൊച്ചി: മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമ സെന്‍സറിങ്ങിന്റെ പേരില്‍ വെട്ടിമുറിക്കപ്പെട്ടെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്.
കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചില വെട്ടിനിരത്തലുകള്‍ നിര്‍ദ്ദേശിച്ചുവെന്നും രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചുവെന്നും ടി.ജി മോഹന്‍ദാസ് കുറിച്ചു. വീണ്ടും നിര്‍ണായക സീനുകള്‍ കട്ട് ചെയ്യേണ്ടി വന്നേക്കുമെന്നും ഒടുവില്‍ വെള്ളമില്ലാത്ത പുഴപോലെ മാപ്പിളക്കലാപം ഇല്ലാത്ത മാപ്പിളക്കലാപ കഥയായി ചിത്രം മാറുമെന്നും അദ്ദേഹം ആശങ്ക പങ്കുവച്ചു.

ടിജി മോഹന്‍ദാസിന്റെ വാക്കുകള്‍

മാപ്പിള ലഹള ആധാരമാക്കി രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എന്ന സിനിമയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചില വെട്ടിനിരത്തലുകള്‍ നിര്‍ദ്ദേശിച്ചു. രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചു. ചിത്രം റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് കണ്ടു. വീണ്ടും മാറ്റങ്ങള്‍ വേണമത്രേ! നാളെ മുംബൈയില്‍ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. രാമസിംഹന് വീണ്ടും ഒരു ലക്ഷം രൂപ ചെലവ്! ഒടുവില്‍ സിനിമയില്‍ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല. പുഴയുണ്ടാവും – വറ്റിയ പുഴ! ഒഎന്‍വി എഴുതിയത് പോലെ:

വറ്റിയ പുഴ, ചുറ്റും
വരണ്ട കേദാരങ്ങള്‍
തപ്തമാം മോഹങ്ങളെ
ചൂഴുന്ന നിശ്വാസങ്ങള്‍!

ഓര്‍മ്മയുണ്ടോ കശ്മീര്‍ ഫയല്‍സിലെ കുപ്രസിദ്ധ വാക്കുകള്‍?:
ഗവണ്‍മെന്റ് ഉന്‍കീ ഹോഗീ
ലേകിന്‍ സിസ്റ്റം ഹമാരാ ഹൈനാ?
പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹന്‍ സിനിമ നിര്‍മ്മിച്ചത്.. അവര്‍ സിനിമ മോശമായതിന് രാമസിംഹനെ പഴിക്കും! കാര്യമറിയാതെ ശകാരിക്കും. ചിലര്‍ പണം തിരിച്ചു വേണം എന്ന് ആവശ്യപ്പെടും!
നിര്‍ണായക സീനുകള്‍ കട്ട് ചെയ്തു മാറ്റിയാല്‍ സിനിമയ്ക്ക് ജീവനുണ്ടാവില്ല.. സെന്‍സര്‍ ബോര്‍ഡിനെ അനുസരിക്കാതെ സിനിമ ഇറക്കാനുമാവില്ല!

DAMNED IF YOU DO
DAMNED IF YOU DON’T –
നിസ്സഹായനായി രാമസിംഹന്‍ നില്‍ക്കുന്നു – മുംബൈയിലെ തെരുവില്‍.. കത്തുന്ന വെയിലില്‍!
കുറ്റിത്താടി വളര്‍ന്നുള്ളോന്‍
കാറ്റത്ത് മുടി പാറുവോന്‍
മെയ്യില്‍ പൊടിയണിഞ്ഞുള്ളോന്‍
കണ്ണില്‍ വെട്ടം ചുരത്തുവോന്‍!

 

 

Back to top button
error: