അബുദാബി: പുലര്‍ച്ചെ മുതല്‍ കനത്ത പൊടിക്കാറ്റ് അനുഭവപ്പെടുന്ന യുഎഇയില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി. ഭൂരിഭാഗം പ്രദേശങ്ങളും പൊടിപടലങ്ങളാല്‍ നിറഞ്ഞു. ദൂരക്കാഴ്ച പലയിടത്തും 500 മീറ്ററിലും താഴെയാണ്. ഇതുമൂലം പല സ്ഥലങ്ങളിലും ഗതാഗത തടസ്സമുണ്ടായി.
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമെ വാഹനവുമായി പുറത്തിറങ്ങാവൂ എന്നും വാഹനമോടിക്കുന്നവര്‍ വേഗപരിധിയും വാഹനങ്ങള്‍ക്കിടയിലെ അകലവും കൃത്യമായി പാലിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ദൂരക്കാഴ്ച കുറവാണെങ്കില്‍ വാഹനമോടിക്കരുത്. ലോ ബീം ലൈറ്റിട്ട് വേണം വാഹനമോടിക്കാനെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസും മുന്നറിയിപ്പ് നല്കി. ഒമാനില്‍ ദോഫാര്‍ മേഖലയിലും ശക്തമായ പൊടിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തു.
⚠️تنبيه:
يستمر نشاط الرياح في فترة النهار خلال اليومين القادمين، مع تصاعد الأتربة والغبار، مما يؤدي إلى انخفاض مستوى الرؤية الأفقية، خصوصاً على المناطق الواقعة بين ولايتي هيما وثمريت.. https://t.co/rzUME3KfNZ— الأرصاد العمانية (@OmanMeteorology) August 13, 2022
പൊടിക്കാറ്റ് തുടരുന്നതിനാലും ആദം-തുംറൈത് റോഡില്‍ ദൂരക്കാഴ്ച കുറവായതിനാലും വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ദോഫാര്‍ ഗവര്‍ണറേറ്റിലൂടെ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. വാഹനങ്ങള്‍ അമിതവേഗത ഒഴിവാക്കണമെന്നും മതിയായ അകലം പാലിച്ച് വാഹനമോടിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കൂടുതല്‍ പട്രോളിങ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.