IndiaNEWS

സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സോണിയക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. നിലവില്‍ കോവിഡ് മാനദണ്ഡപ്രകാരം വീട്ടില്‍ ഐസലേഷനില്‍ കഴിയുകയാണ് സോണിയയെന്ന് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ട്വിറ്ററില്‍ക്കൂടി അറിയിച്ചു.

നേരത്തെ ജൂണിലും സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെ സോണിയയെ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്. മകള്‍ പ്രിയങ്ക ഗാന്ധിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയും വീട്ടില്‍ നിരീക്ഷണത്തിലാണ്.

Signature-ad

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 15,815 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,42,39,372 ആയി. രാജ്യത്ത് നിലവില്‍ 1,19,264 ആക്ടീവ് കേസുകളാണുള്ളത്. കൊവിഡ് മരണ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ 68 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,26,996 ആയി.

രാജ്യ തലസ്ഥാനത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം ജാഗ്രത വര്‍ധിപ്പിച്ചിരുന്നു. ദില്ലിയില്‍ ഒരാള്‍ക്കാണ് തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദമായ ബി എ – 2.75 സ്ഥിരീകരിച്ചത്.

 

 

Back to top button
error: