മംഗലൂരു : മംഗ്ലൂരു സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍.
ഷിഹാബ്, റിയാസ്, ബഷീര്‍ എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. മംഗ്ലൂരു സുള്ള്യയിലെ ബെള്ളാരെ സ്വദേശികളായ ഇവര്‍ കാസര്‍ഗോഡില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കാസര്‍ഗോഡ് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് . മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ പത്ത് ആയി. കേസില്‍ എന്‍ഐഎ അന്വേഷണം തുടങ്ങാനിരിക്കേയാണ് കൂടുതല്‍ അറസ്റ്റുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 27 നാണ് കര്‍ണാടക സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവ് നെട്ടാരു സ്വദേശി പ്രവീണിനെ വെട്ടിക്കൊന്നത്. ബെല്ലാരെയിലെ ഒരു പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത്.
മംഗ്ലൂരു യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരെ.