IndiaNEWS

വിലക്കയറ്റം, ജിഎസ്ടി വര്‍ധന…. വിഷയങ്ങളേറെ; രണ്ടും കല്‍പ്പിച്ച് പ്രതിപക്ഷം

ദില്ലി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടരുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. വിലക്കയറ്റം, ജിഎസ് ടി വര്‍ധന തുടങ്ങിയ വിഷയങ്ങളിലും അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു ആക്ഷേപത്തിലും ഇന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. ഈ വിഷയങ്ങളില്‍ ഇരുസഭകളും സ്തംഭിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ വൈദ്യുതി നിയമ ഭേദഗതി ബില്‍ സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിക്കും.

ഗാർഹിക വൈദ്യുതി വിതരണത്തിലടക്കം സ്വകാര്യ സ്ഥാപനങ്ങൾക്ക് അവസരം നല്‍കുന്നതാണ് ബില്‍. ബില്ല് അവതരിപ്പിക്കരുതെന്ന് പ്രതിപക്ഷവും, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കർഷക സംഘടനകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, അ‌ഞ്ച് വർഷത്തിനിടെ പത്ത് ലക്ഷത്തോളം കോടി രൂപ കിട്ടാക്കടമായി ബാങ്കുകള്‍ എഴുതിതള്ളിയതില്‍ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ട്ടാകടം എഴുതി തള്ളിയതിന്‍റെ കണക്കുകള്‍ പാർലമെന്‍റില്‍ ധനമന്ത്രാലയം അറിയിച്ചിരുന്നു.

ഈ സാമ്പത്തിക വര്‍ഷം മാത്രം 1,57,096 കോടി എഴുതി തള്ളിയതായി ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 10,306 പേരാണ് വൻ തുക കടമെടുത്ത് തിരിച്ചടയ്ക്കാതിരിക്കുന്നതൊണ് സർക്കാര്‍ കണക്ക്. കിട്ടാക്കടമായി എഴുതി തള്ളിയ കണക്കും ഇതിലേറെ ഞെട്ടിക്കുന്നതാണ്. 2017 -18 ല്‍ 1,61,328 കോടി, 2018,19,20 വർഷങ്ങളില്‍ തുടര്‍ച്ചയായി രണ്ട് ലക്ഷത്തിലേറെ കോടി രൂപ. ഈ വര്‍ഷം 1,57,096 കോടി രൂപ ഇതാണ് എഴുതി തള്ളിയ കിട്ടാക്കടത്തിന്‍റെ കണക്ക്. ആകെ നാല് വര്‍ഷത്തിനിടെ 9,91,640 കോടി രൂപ കിട്ടാക്കടമായി എഴുതി തള്ളിയതായും ധനമന്ത്രാലയം പറയുന്നു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 2020 -21 ല്‍ മാത്രം 2840 പേര്‍ കോടികള്‍ വായ്പയെടുത്ത് തിരിച്ചടിക്കാത്തതായും സർക്കാര്‍ അറിയിച്ചു. രാജ്യത്തെ പ്രധാന വായ്പ തട്ടിപ്പുകാരില്‍ ഒന്നാമത് മെഹുല്‍ ചോക്സിയുടെ ഗീതാൻജലി ജെംസ് ആണ്. 7110 കോടി രൂപയാണ് വായ്പ തട്ടിപ്പ് നടത്തിയത്. ആദ്യത്തെ പത്ത് കമ്പനികള്‍ മാത്രം 37441 കോടി രൂപ വായ്പ തട്ടിപ്പ് നടത്തിയെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

നടപടി പ്രതിപക്ഷത്തിന്‍റെ വിമർശനത്തിന് കാരണമായിട്ടുണ്ട്. രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനമായി കോടികള്‍ നല്‍കാതെ ഇരിക്കുമ്പോളാണ് നടപടിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. മധ്യവര്‍ഗത്തിന് വൻ തുക നികുതി ചുമത്തി കഷ്ടപ്പെടുത്തുമ്പോള്‍ മോദി സർക്കാര്‍ സുഹൃത്തുകള്‍ക്ക് കോടികള്‍ സമ്മാനമായി നല്‍കുകയാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാര്‍ഗെ വിമർശിച്ചു.

Back to top button
error: