NEWS

ജർമ്മനിയിലേക്ക് 300 നഴ്സുമാരുടെ ആവശ്യം; സൗജന്യ റിക്രൂട്ട്മെന്റിന് നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: നോര്‍ക്കാ റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിലേക്ക് 300  നഴ്സുമാരെ നിയമിക്കും.
നഴ്സിങില്‍ ബിരുദമോ ഡിപ്ലോമയോയുള്ള കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് ആഗസ്റ്റ് 16 മുതല്‍ 25 വരെ അപേക്ഷിക്കാം. നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് സൗജന്യ റിക്രൂട്ട്മെന്റ് നടത്തുക.
നവംബര്‍ ഒന്നുമുതല്‍ 11 വരെ തിരുവനന്തപുരത്ത് നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. വിജയികള്‍ക്ക് ജര്‍മന്‍ ഭാഷാ എ1/എ2/ബി1 ലെവല്‍ പരിശീലനം കേരളത്തില്‍ നല്‍കും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില്‍ വിജയിക്കുന്നവര്‍ക്ക് 250 യൂറോ വീതമാണ് ആനുകൂല്യം. തുടര്‍ന്ന് അസിസ്റ്റന്റ് നഴ്സുമാരായി നിയമനം. ബി2 ലെവല്‍ പാസാകുമ്ബോള്‍ രജിസ്‌ട്രേര്‍ഡ് നഴ്സായാണ് ജോലി. ജര്‍മനിയിലെ ബി2 ലെവല്‍ വരെയുള്ള ഭാഷാപരിശീലനം സൗജന്യമാണ്.
ആറുമാസമായി ഇന്ത്യയില്‍ സ്ഥിരതാമസമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
നോര്‍ക്ക-റൂട്ട്സിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ചാണ് അപേക്ഷിക്കേണ്ടത്.  സി.വി., ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, ജനറല്‍ ലാംഗ്വേജ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം സൂചിപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട് എന്നിവ സ്കാന്‍ ചെയ്ത് ഒറ്റ പി.ഡി.എഫായി അപ്‌ലോഡ് ചെയ്യണം. വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്ബര്‍-1800-425-3939.

Back to top button
error: