നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ശക്തി തെളിയിക്കാനുള്ള തയ്യാറെടുപ്പിൽ ആം ആദ്മി പാര്‍ട്ടി. എഎപിയുടെ നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട് നേരിടാന്‍ ബിജെപി കരുക്കള്‍ നീക്കി തുടങ്ങി. പരമ്പരാഗതമായി ബിജെപി-കോണ്‍ഗ്രസ് പോരാട്ടം നടന്നിരുന്ന സംസ്ഥാനത്താണ്, തങ്ങളുടെ സാന്നിധ്യം അറിയിച്ച് എഎപിയുടെ കടന്നുവരവ്. അരവിന്ദ് കെജ്‌രിവാളിന്റെ തുടര്‍ച്ചയായ ഗുജറാത്ത് സന്ദര്‍ശനങ്ങളും, പാര്‍ട്ടി നേതാക്കളുടെ ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളും, ബിജെപി സര്‍ക്കാരിനെതിരായുള്ള പ്രതിഷേധങ്ങളും സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ എഎപി മുന്നൊരുക്കങ്ങള്‍ തന്നെയാണ്.
ആഗസ്റ്റ് ആറ്, ഏഴ് തിയതികളില്‍ കെജ്‌രിവാള്‍ ജാംനാഗര്‍, ചോട്ടാഡെപൂര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ആദിവാസി വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചയും, പൊതുജനയോഗങ്ങളും സന്ദര്‍ശനത്തിലെ പ്രധാന ലക്ഷ്യങ്ങളാണ്. ആദിവാസി ഗ്രാമമായ ചോട്ടാഡെപൂരിന്, സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ, എഎപി അവരുടെ 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.