തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെയും, ഷീയര്‍ സോണിന്റേയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തില്‍ ഓഗസ്റ്റ് 4 മുതല്‍ 8 വരെ ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കൊല്ലം , മലപ്പുറം, കോഴിക്കോട് , വയനാട് , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതുണ്ട്.
ലോവര്‍ പെരിയാര്‍ (ഇടുക്കി), കല്ലാര്‍കുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാര്‍ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാര്‍ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കേരളത്തില്‍ ആഗസ്ത് 4 വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചു.
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. എല്ലാ വീടുകളിലും എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കി വെക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഗൗരവത്തോടെ കാണേണ്ടതാണ്. അടിയന്തിര സഹായങ്ങള്‍ക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1077 ല്‍ വിളിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.