KeralaNEWS

റെഡ് അലര്‍ട്ട് പിന്‍വലിച്ചു, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി: ജാഗ്രത തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതോടെ എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ടുകള്‍ പൂര്‍ണമായി പിന്‍വലിച്ചു. 11 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ ആന്ധ്രാ പ്രദേശിനും വടക്കന്‍ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ഓഗസ്റ്റ് 3 മുതല്‍ 7 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഓഗസ്റ്റ് 3 മുതല്‍ 5 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചെങ്കിലും മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചേക്കും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് തീരം വരെ ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജാഗ്രത തുടരുകയാണ്. വലിയ ഡാമുകളില്‍ നിലവില്‍ ആശങ്കയുടെ സാഹചര്യമില്ല. ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് ഉണ്ട്. പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, മൂഴിയാര്‍, കുണ്ടള ഡാമുകളിലാണ് റെഡ് അലര്‍ട്ട് . മംഗലം, മീങ്കര ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും തുടരുകയാണ്. ഇടുക്കി, മുല്ലപ്പെരിയാള്‍ ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജലവിഭവ മന്ത്രിറോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഗായത്രി,നെയ്യാര്‍, മണിമല, കരമന ആറുകളിലെ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്. പമ്പ, അച്ചന്‍കോവില്‍, തൊടുപുഴ, മീനച്ചില്‍ എന്നീ നദികളിലും ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നുണ്ട്.

 

 

 

 

Back to top button
error: